പാലക്കാട് 70 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

പാലക്കാട് 70 ലക്ഷത്തിന്റെ കുഴൽപണം റെയിൽവേ പൊലീസ് പിടികൂടി. മധുരയിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കുഴൽപണം പിടികൂടിയത്. മധുര സ്വദേശി ബാലസുബ്രഹ്മണ്യനിൽ നിന്നാണ് പണം കണ്ടെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മധുരയിൽ നിന്നും ബസ്സിൽ പാലക്കാട്ടേക്കെത്തിയ ബാലസുബ്രഹ്മണ്യൻ ഇവിടെ നിന്ന് ട്രെയിൻ മാർഗം കോഴിക്കോട്ടേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഒലവക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ വെച്ച് ഇയാളെ കണ്ട് സംശയം തോന്നിയ റെയിൽവേ പൊലീസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇയാളെ പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ തുണി സഞ്ചിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന നിലയിൽ രൂപ കണ്ടെടുത്തത്. കയ്യിലുള്ളത് 35 ലക്ഷം രൂപയാണെന്നാണ് ബാലസുബ്രഹ്മണ്യൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ എണ്ണി നോക്കിയപ്പോൾ 68 ലക്ഷം രൂപയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇയാളുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ രണ്ട് ലക്ഷം രൂപ കൂടി കിട്ടി. മധുരയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നതാണ് പണമെന്ന് ബാലസുബ്രഹ്മണ്യൻ പൊലീസിനോട് പറഞ്ഞു. പാലക്കാട് നോർത്ത് പൊലീസെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here