ചൈനയില്‍ ലെക്കിമ ചുഴലിക്കാറ്റില്‍ മരണസംഖ്യ 49 ആയി; 21പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ചൈനയില്‍ ലെക്കിമ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 49 ആയി. 21 പേരെ ഇപ്പോഴും കാണാനില്ല. ചൈനീസ് പ്രവിശ്യയായ ഴെജിയാങ്, ഷാന്‍ഡോങ്്, അന്‍ഹുയി എന്നിവിടങ്ങളിലാണ് ലക്കിമ ഏറെ നാശം വിതച്ചത്.

മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് ലെക്കിമ നീങ്ങിക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ ഴെജിയാങ്ങ്, ഷാന്‍ഡോങ്ങ് പ്രവിശ്യകളില്‍ കനത്ത നാശനഷ്ടമുണ്ടായി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റിനോടൊപ്പം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ശക്തമായതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌ക്കരമായിരിക്കുകയാണ്. ഇരുപത്തിയാറായിരം കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.

വെന്‍സൗ മേഖലയില്‍ തുടരുന്ന മണ്ണിടിച്ചിലില്‍ നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. പത്ത് ലക്ഷത്തിലേറെ പേര്‍ ഇപ്പോഴും പുനരധിവാസ കേന്ദ്രങ്ങളിലാണ്. ഷാന്‍ഡോങ് പ്രവിശ്യയില്‍ 1952നു ശേഷമുണ്ടായ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഷാങ്ഹായിലേത് ഉള്‍പ്പടെ നൂറ് കണക്കിന് വിനോദ സഞ്ചാരകേന്ദ്രങ്ങളും പൂട്ടിക്കിടക്കുകയാണ്. 1000 വിമാന സര്‍വീസുകളാണ് പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More