ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിന്റെ ഉത്തരവാദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന എല്ലാവരുടേയും വീടുകള്‍ വാസയോഗ്യമാക്കുന്നതിന്റെ ഉത്തരവാദിത്ത്വം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതോടൊപ്പം വ്യാപാര സ്ഥാപനങ്ങളും മാലിന്യവും ചെളിയും മാറ്റി ശുചിയാക്കേണ്ടത് അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജോലിയാണെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരെ ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളില്‍ ഒരുമിച്ച് താമസിപ്പിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ നടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട നടപടികളെക്കുറിച്ചാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വെള്ളപൊക്കത്തില്‍ വീടു വിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്ന എല്ലാവരുടേയും വീടുകള്‍, വെള്ളപൊക്കത്തില്‍ മണ്ണും ചെളിയും അടിഞ്ഞുകൂടിയ വ്യാപാര സ്ഥാപനങ്ങള്‍, തദ്ദേശഭരണ വകുപ്പിനു കൈമാറി കിട്ടിയ സ്ഥാപനങ്ങള്‍, മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവ ശുചിയാക്കി ഉപയോഗ യോഗ്യമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി.
വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വമിഷന്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന എന്നിവരുടെ പിന്തുണയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഏറ്റെടുക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്. ക്യാമ്പുകളില്‍ അധികമായി ബയോടോയ്ലറ്റുകളും താല്‍ക്കാലിക ശുചിമുറികളും സജ്ജീകരിക്കണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനു ആരോഗ്യവകുപ്പുമായി ചേര്‍ന്ന് മുന്‍കരുതല്‍ സ്വീകരിക്കണം. ശുചീകരണത്തിനായി വാര്‍ഡു തലത്തില്‍ വോളണ്ടിയേഴ്സിന്റെ സംഘം രൂപീകരിക്കണം. പൂര്‍ണമായും വീടു തകര്‍ന്നവരെ ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളില്‍ ഒരുമിച്ച് താമസിപ്പിക്കുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here