മെക്സിക്കോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊലീസ് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

മെക്സിക്കോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊലീസ് പീഡിപ്പിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. നൂറുകണക്കിന് പേരാണ് മെക്സിക്കോസിറ്റിയിലേക്ക് പ്രതിഷേധവുമായെത്തിയത്. മെക്സിക്കോയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

മെക്സിക്കന്‍ പൊലീസുകാര്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. പിങ്ക് നിറത്തിലുള്ള ദീപനാളങ്ങളും പ്രതിഷേധ പോസ്റ്ററുകളും ഉയര്‍ത്തിയായിരുന്നു മെക്സിക്കോസിറ്റിയിലെ പ്രതിഷേധം. പ്രതിഷേധക്കാര്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പ്രതിഷേധം അക്രമാസക്തമാകരുതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഭരണകൂടം ജനങ്ങളോടൊപ്പമുണ്ടെന്നും സുരക്ഷാ മന്ത്രി ജീസസ് ഓര്‍ട്ട പറഞ്ഞു.

പതിനേഴും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളാണ് വ്യത്യസ്ത സംഭവങ്ങളിലായി പീഡിപ്പിക്കപ്പെട്ടത്. ആദ്യ കേസില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ രണ്ടാമത്തെ കേസില്‍ ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ ദുഖകരമായ സംഭവമാണ് നടന്നതെന്ന് മെക്സിക്കോസിറ്റിയിലെ ആദ്യ വനിതാ മേയറായ ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുത്. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഷെയിന്‍ബോം പറഞ്ഞു. ഇപ്പോള്‍ സംഭവിച്ചത് പ്രതിഷേധമല്ലെന്നും പ്രകോപനമാണെന്നും പറഞ്ഞ ഷെയിന്‍ബോം സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ കെണിയില്‍ വീണ് അക്രമത്തിലൂടെ പ്രതികരിക്കില്ലെന്നും വ്യക്തമാക്കി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More