രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകി ജയസൂര്യ

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് ജയസൂര്യയുടെ കൈത്താങ്ങ്. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു നൽകി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകൻ നൽകുന്നതായി മാത്രം കണ്ടാൽ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടിയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേർന്നിരുന്നു.
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെയാണ് ലിനു മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് ലിനു ഉൾപ്പെട്ട യുവാക്കൾ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു ലിനു ക്യാമ്പിലേക്ക് വന്നത്. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാമ്പിലുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here