പുത്തുമല ഉരുൾപൊട്ടൽ; ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു

ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച പുത്തുമലയിൽ ഇന്നത്ത തിരച്ചിൽ നിർത്തിവച്ചു. മണ്ണിനടിയിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്നും കണ്ടെത്താനായില്ല. പ്രദേശത്ത് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മരം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുകയാണ്.
ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്നും ഇന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 102 ആയി. 56 പേരെ ഇനിയും കണ്ടെത്താനുണ്ട്.
കനത്തമഴയിലും ഉരുൾപൊട്ടലിലും ഏറ്റവും കൂടുതൽ പേർ മരിച്ചത് മലപ്പുറം ജില്ലയിലാണ്, 38 പേർ മലപ്പുറം ജില്ലയിൽ മരിച്ചു. കോഴിക്കോട് ജില്ലയിൽ 17 പേർക്കും വയനാട് 12 പേർക്കും തൃശൂർ ജില്ലയിൽ 8 പേർക്കും മഴക്കെടുതിയിൽ ജീവൻ നഷ്ടമായി. സംസ്ഥാനത്താകെ 1118 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,89 567 പേർ കഴിയുന്നുണ്ട്. 11,159 വീടുകൾ ഭാഗികമായും 1057 വീടുകൾ പൂർണമായും തകർന്നതായാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here