യുവിയെ മറികടക്കാൻ രോഹിത്; വേണ്ടത് 26 റൺസ്

ഏകദിന ക്രിക്കറ്റിൽ യുവരാജ് സിംഗിനെ മറികടക്കാനൊരുങ്ങി രോഹിത് ശർമ്മ. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മത്സരത്തിൽ 26 റൺസ് കൂടി നേടാനായാൽ ഏകദിന ക്രിക്കറ്റിലെ റൺ വേട്ടയിൽ യുവിയെ പിന്തള്ളാൻ രോഹിതിനു സാധിക്കും. നിലവിൽ രോഹിതിന് 8676 റൺസാണ് രോഹിതിനുള്ളത്. യുവരാജിന് 8701 റൺസുണ്ട്.
304 ഏകദിനങ്ങളിൽ നിന്നാണ് യുവരാജ് 8701 റൺസെടുത്തത്. അതേ സമയം രോഹിത് ശർമ്മ 218 മത്സരങ്ങളിൽ നിന്നാണ് 8676 റൺസിലെത്തിയത്. ആധുനിക ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ഓപ്പണർ എന്നറിയപ്പെടുന്ന രോഹിത് ഇന്ത്യക്കായി ഏറ്റവുമധികം റൺസെടുത്തവരുടെ പട്ടികയിൽ എട്ടാമതാണ്. ഇന്ന് യുവിയെ മറികടന്നാൽ ഈ പട്ടികയിൽ രോഹിത് ഏഴാമതാകും. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം എസ് ധോണി, മൊഹമ്മദ് അസറുദ്ദീൻ എന്നിവരാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ആദ്യ 6 സ്ഥാനങ്ങളിലുള്ളത്.
യുവരാജിന്റെ ഏകദിന റണ്ണുകളിൽ 69 റൺസ് അദ്ദേഹം നേടിയത് ഏഷ്യൻ ഇലവന് വേണ്ടി കളിക്കുമ്പോളായിരുന്നു. ഇത് മാറ്റി നിർത്തിയാൽ ഇന്ത്യൻ ജേഴ്സിയിൽ താരം നേടിയിരിക്കുന്നത് 8609 റൺസാണ്. അത് കൊണ്ട് തന്നെ 8676 റൺസ് ഇന്ത്യൻ ജേഴ്സിയിൽ നേടിയിട്ടുള്ള രോഹിത്, ഇന്ത്യയ്ക്ക് വേണ്ടി നേടിയ ഏകദിന റണ്ണുകളുടെ കാര്യത്തിൽ നേരത്തെ തന്നെ യുവിയെ മറികടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here