സെഞ്ചുറി നമ്പർ 43: കോലിക്കരുത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര

നായകൻ വിരാട് കോലിയുടെ 43ആം ഏകദിന സെഞ്ചുറിക്കരുത്തിൽ വിൻഡീസിനെതിരെ നടന്ന അവസാനത്തെയും മൂന്നാമത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മഴ മൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിൻഡീസ് 240/7 എന്ന സ്കോർ നേടിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 255 റൺസായിരുന്നു. 2.3 ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസിന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ ക്രിസ് ഗെയിലും, എവിൻ ലെവിസും ചേർന്ന് നൽകിയത്. വെറും 41 പന്തുകളിൽ 8 ബൗണ്ടറികളും, 5 സിക്സറുകളുമടക്കം 72 റൺസ് നേടിയ ഗെയിലും, 29 പന്തിൽ 43 റൺസടിച്ച ലെവിസും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 115 റൺസ് കൂട്ടിച്ചേർത്തു. ശേഷം മഴ വില്ലനായതോടെ മത്സരം 35 ഓവറാക്കി ചുരുക്കി. 16 പന്തുകളിൽ 30 റൺസെടുത്ത നിക്കോളാസ് പൂരൻ്റെ ഇന്നിംഗ്സ് വിൻഡീസിനു ബലമായി. 35 ഓവർ അവസാനിക്കുമ്പോൾ വിൻഡീസ് 7 വിക്കറ്റിന് 240 റൺസ്. ഇന്ത്യയ്ക്ക് വേണ്ടി ഖലീൽ അഹമ്മദ് 3 വിക്കറ്റുകൾ വീഴ്ത്തി.
വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 10 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. രോഹിത് റണ്ണൗട്ടായതോടെ ക്രീസിൽ ഒത്തുചേർന്ന ശിഖാർ ധവാനും, വിരാട് കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 91ൽ നിൽക്കെ 36 റൺസെടുത്ത ധവാൻ വീണു. ധവാനെ ഫേബിയൻ അലൻ്റെ പന്തിൽ കീമോ പോൾ പിടികൂടി. ആ ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ ഋഷഭ് പന്ത് പൂജ്യനായി വീണു. പിന്നീടായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്.
അഞ്ചാമനായിറങ്ങിയ ശ്രേയസ് അയ്യറും, കോഹ്ലിയും ചേർന്നതോടെ കളി ഇന്ത്യയുടെ വരുതിയിലായി. അയ്യറായിരുന്നു കൂടുതൽ അപകടകാരി. 41 പന്തിൽ 3 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 65 റൺസാണ് താരം നേടിയത്. ഇതിനിടയിൽ കോലി ഏകദിനത്തിലെ തന്റെ 43-ം സെഞ്ചുറി പിന്നിട്ടു. ഇന്ത്യൻ സ്കോർ 212 ലെത്തിയപ്പോൾ അയ്യർ പുറത്തായി. കെമാർ റോച്ചിൻ്റെ പന്തിൽ ജേസൻ ഹോൾഡർ പിടിച്ചു പുറത്താവുമ്പോൾ അയ്യർ കോലിയുമായിച്ചേർന്ന് ആറാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തിരുന്നു. ശേഷം ഏറെ നഷ്ടങ്ങളില്ലാതെ ഇന്ത്യ അനായാസം ജയം കുറിച്ചു. 114 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്ലിയും, 19 റൺസെടുത്ത കേദാർ ജാദവും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here