Advertisement

കടലിൽ മുങ്ങിത്താഴുന്നതിനിടെ രക്ഷപ്പെടുത്തി; ഒരു മണിക്കൂറിനുള്ളിൽ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചതിന് അറസ്റ്റിൽ

August 15, 2019
Google News 0 minutes Read

കടലില്‍ മുങ്ങിത്താഴുന്നതിനിടെ രക്ഷപ്പെടുത്തിയ അതേ ആളെ പൊലീസ് ഒരു മണിക്കൂറിനകം മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതിന് പിടികൂടി. മുംബൈ വെര്‍സോവ ബീച്ചില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹരിയാന സ്വദേശിയും ബിസിനസുകാരനുമായ റിച്ചു ചോപ്ഡ(38)യെയാണ് പൊലീസ് പിടികൂടിയത്.

കടലില്‍ ഒരാള്‍ മുങ്ങിത്താഴുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഉടന്‍ സംഭവസ്ഥലത്ത് എത്തിയ നിലേഷ് ജാദവ് എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് നാട്ടുകാരുടെ സഹായത്തോടെ ചോപ്ഡയെ രക്ഷപ്പെടുത്തിയത്. മുംബൈയില്‍ ആദ്യമായാണ് വരുന്നതെന്നും സുഹൃത്തിനൊപ്പം കടലില്‍ എത്തിയതാണെന്നും ചോപ്ഡ പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് നീന്താന്‍ അറിയില്ലായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പൊലീസ് ചോപ്ഡയെയും സുഹൃത്തിനെയും വിട്ടയച്ചു.

ഈ അപകടത്തിന് പിന്നാലെ ഇരുവരും കാറില്‍ കയറിയിരുന്ന് മദ്യപിച്ച ശേഷം അമിത വേഗതയില്‍ വാഹനമോടിച്ചു. ജെപി റോഡില്‍ അമിത വേഗതയില്‍ കാര്‍ പായുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയ കാറില്‍ നിന്നിറങ്ങിയവരെ കണ്ട് പൊലീസ് തന്നെ അമ്പരന്നു. അല്‍പ്പം മുന്‍പ് രക്ഷപ്പെടുത്തിയയാള്‍ അടിച്ചുഫിറ്റായി ഡ്രൈവിങ് സീറ്റിലിരിക്കുന്നു. വാഹനം പരിശോധിച്ച പൊലീസ് സംഘം മദ്യക്കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് മദ്യപിച്ച് വണ്ടിയോടിക്കല്‍, മഹാരാഷ്ട്ര പ്രൊഹിബിഷന്‍ ആക്ടനുസരിച്ചുള്ള കുറ്റങ്ങള്‍ തുടങ്ങിയവ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതി റിമാന്‍ഡും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here