Advertisement

‘ഓമനക്കുട്ടനോട് മാപ്പ് പറയുക’; മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ട് കമന്റുകളുടെ പ്രവാഹം

August 17, 2019
Google News 1 minute Read

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽപ്പെട്ട സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്റെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം. മന്ത്രിയായാലും എംഎൽഎ ആയാലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കമന്റുകൾ വന്നിരിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ മഴക്കെടുതിയുണ്ടായാൽ ഏറ്റവും ആദ്യം വെള്ളം കയറുവാൻ സാധ്യതയുള്ള 11 പ്രധാനപ്പെട്ട സ്ഥലങ്ങളെ (sensitive spot) അടയാളപ്പെടുത്തിയ എവിക്വേഷൻ പ്ലാൻ കളക്ടർ വിശദീകരിച്ചുവെന്ന പോസ്റ്റിന് താഴെയായിരുന്നു കമന്റുകൾ.

ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ സംഭവത്തിൽ ഓമനക്കുട്ടന് വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞിരുന്നു. ഓമനക്കുട്ടനെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതെ തുടർന്ന് ഓമനക്കുട്ടനെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയും ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ സംഭവം വിവാദമായതോടെ ഓമനക്കുട്ടന്റെ നിരപരാധിത്വം തെളിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഓമനക്കുട്ടൻ വെറും 70 രൂപയാണ് പിരിച്ചതെന്നും ആ പണം ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാനായിരുന്നുവെന്നുമാണ് വീഡിയോയിൽ പറയുന്നത്. ക്യാമ്പിലെ അന്തേവാസികൾ തന്നെയാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

Read Also : ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് മന്ത്രി ജി.സുധാകരൻ

തുടർന്ന് ദുരന്തനിവാരണ അതോറിറ്റി തലവൻ ഓമനക്കുട്ടനോട് മാപ്പ് അപേക്ഷിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഓമനക്കുട്ടൻ കഴിഞ്ഞ കാലങ്ങളിലും ക്യാമ്പിനു വേണ്ടി നിസ്വാർത്ഥ സേവനം നടത്തിയ ആളാണെന്ന് മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനായാണ് അദ്ദേഹം പണം പിരിച്ചതെന്നും വേണു വാസുദേവൻ കുറിച്ചു. പോലീസ് കേസുമായി വകുപ്പ് മുന്നോട്ടു പോവില്ലെന്നും കേസ് പിൻവലിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here