Advertisement

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് മന്ത്രി ജി.സുധാകരൻ

August 16, 2019
Google News 1 minute Read
beverages outlets won't shut down says g sudhakaran

ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം പ്രാദേശിക നേതാവ് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച പറ്റിയെന്ന് മന്ത്രി ജി.സുധാകരൻ. ചേർത്തലയിലെ ക്യാമ്പിൽ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്, പാർട്ടി പ്രവർത്തകനായ ഓമനക്കുട്ടൻ പിരിവ് നടത്തിയത്.  എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ലാത്തതായിരുന്നെന്നും ഇക്കാര്യത്തിൽ ഓമനക്കുട്ടന് വീഴ്ച പറ്റിയെന്നും ജി.സുധാകരൻ പറഞ്ഞു. ഓമനക്കുട്ടനെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയത് വിവാദമായിരുന്നു.

Read Also; ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് ; സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ സസ്‌പെൻഡ് ചെയ്തു

ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ കൊണ്ടു വരാനുള്ള വാഹനത്തിന്റെ വാടക നൽകുന്നതിനും ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ചിലവിനുമായി ഓമനക്കുട്ടൻ ക്യാമ്പിൽ പണം പിരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് പണപ്പിരിവ് നടത്തിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം.

സംഭവം വിവാദമായതോടെ ക്യാമ്പിലെ ആളുകളിൽ നിന്ന് പിരിച്ചെടുത്ത പണം അധികൃതർ ഇടപെട്ട് തിരികെ നൽകിയിരുന്നു. എന്നാൽ വില്ലേജ് അധികൃതർ ക്യാമ്പിലേക്ക് കൃത്യമായി ഭക്ഷണ സാധനങ്ങളും മറ്റും എത്തിച്ചിട്ടുണ്ടെന്നും സ്ഥലത്തെ നേതാക്കളെ ആരെയും ക്യാമ്പിന്റെ ചുമതല ഏൽപ്പിച്ചിരുന്നില്ലെന്നുമായിരുന്നു ചേർത്തല തഹസിൽദാരുടെ പ്രതികരണം. ഓമനക്കുട്ടനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ ഡിവൈഎസ്പിയ്ക്ക് പരാതി നൽകുമെന്നും തഹസിൽദാർ പറഞ്ഞു. സംഭവം വിവാദമായതോടെ സിപിഐഎം കുറുപ്പുകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ പാർട്ടിയിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here