കവളപ്പാറയിലെ ദുരന്തസ്ഥലത്ത് നിന്നും സെൽഫി; പുരോഹിതന്മാർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കവളപ്പാറയിൽ വൻ ദുരന്തംവിതച്ച സ്ഥലത്ത് നിന്നും സെൽഫിയെടുത്ത ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. ഉരുൾപൊട്ടലിനെ തുടർന്ന് നാൽപതോളം പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ഇരുപതോളം പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് ദുരന്ത മുഖത്തെത്തി പുരോഹിതന്മാർ സെൽഫിയെടുത്തത്.
ദിവസങ്ങൾക്ക് മുൻപാണ് പുരോഹിതന്മാർ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിച്ചത്. ദുരന്തമുഖം പശ്ചാത്തലമാക്കിയാണ് സെൽഫിയെടുത്തത്. ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതന്മാർ ഉൾപ്പെടെ പന്ത്രണ്ടോളം പേരാണ് സെൽഫിയെടുത്തത്.
കവളപ്പാറയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 59 പേരെയാണ് കാണാതായത്. ദിവസങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിലാണ് നാൽപതോളം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പതിനാലോളം ഹിറ്റാച്ചികൾ ഉപയോഗിച്ചാണ് കാണാതായവർക്കായി കവളപ്പാറയിൽ തിരച്ചിൽ നടത്തുന്നത്. മഴ മാറിനിൽക്കുന്നതിനാൽ തിരച്ചിൽ സുഗമമായി നടക്കുന്നുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.
അതേസമയം, കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കി. മുത്തപ്പൻകുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളൽ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് സംഭവം. വിള്ളലുണ്ടായ മലയുടെ താഴ്ഭാഗത്ത് നിരവധി വീടുകളുണ്ട്. ഇവിടെയുള്ളവർ നിലവിൽ ക്യാമ്പുകളിലാണ് കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here