ഇംഗ്ലണ്ട് നായക സ്ഥാനത്തു നിന്നും ഓയിൻ മോർഗൻ ഒഴിയുന്നു

ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീട നേട്ടത്തിലേക്ക് നയിച്ച നായകൻ ഓയിൻ മോർഗൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും. ബിബിസി യോട് സംസാരിക്കവെ മോർഗൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് മൂലം വലയുകയാണെന്നും അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി ഒഴിയുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
“ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. എന്നാൽ എനിക്കിത് ചെയ്തേ തീരൂ. ഇത് ശാരീരീകമായ പ്രശ്നമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ പരുക്കിൻ്റെ പിടിയിലാണ്. അതിൽ നിന്ന് മോചിതനാവാൻ അല്പം സമയം വേണ്ടി വരും. ഇത് വലിയൊരു തീരുമാനമാണ്. നമ്മൾ ടീമിനെ നയിക്കുമ്പോൾ മുന്നിൽനിന്ന് തന്നെ നയിക്കണം. അതിനിപ്പോൾ തനിക്ക് കഴിയുന്നില്ല. ലോകകപ്പിൽപോലും താൻ നടത്തിയ പരിശീലനത്തിന്റെ അളവ് വളരെ കുറവാണ്.” മോർഗൻ പറഞ്ഞു.
അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി പുറം വേദന മോർഗനെ കാര്യമായി അലട്ടുന്നുണ്ട്. ഇതാണ് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന മത്സരത്തിലും മോർഗന് പുറം വേദന ഉണ്ടായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഇക്കൊല്ലം ലോകകപ്പ് നേടിയത്. ആക്രമണ ക്രിക്കറ്റിൻ്റെ ബ്രാൻഡ് അംബാസിഡർമാരായി അറിയപ്പെടുന്ന ഇംഗ്ലണ്ട് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് കിരീടം ഉയർത്തിയത്. ആദ്യ ചില മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടങ്ങളിൽ ഇടക്കൊന്നു പതറിയെങ്കിലും ശക്തമായി തിരിച്ചു വരികയായിരുന്നു. ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ ബൗണ്ടറികളുടെ എണ്ണത്തിലായിരുന്നു അവരുടെ വിജയം. വിജയത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കിയിരുന്നു. ഗപ്റ്റിലിൻ്റെ ഓവർത്രോയ്ക്ക് ആറു റൺസ് നൽകിയ അമ്പയർമാരും ബൗണ്ടറി എണ്ണത്തിൽ വിജയിയെ തീരുമാനിച്ച ഐസിസിയുമെല്ലാം വിവാദങ്ങളിൽ പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here