കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധ വൈകിയതിൽ വിചിത്ര വാദവുമായി പൊലീസ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ വിചിത്ര റിപ്പോർട്ട്. ജനറൽ ആശുപത്രിയിലെ ഡോക്ടറേയും പരാതിക്കാരനെയും പഴിചാരിയാണ് പൊലീസ് റിപ്പോർട്ട്. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർ തയ്യാറായില്ലെന്നും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് പരാതിക്കാരൻ തർക്കിച്ചത് മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ സിറാജ് മാനേജ്‌മെന്റ് കോടതിയിൽ ഹർജി സമർപിച്ചിരുന്നു. ഹർജി പരിഗണിച്ച തിരുവനന്തപുരം വഞ്ചിയൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണ റിപ്പോർട്ടിലാണ് പുതിയ അന്വേഷണ സംഘം പൊലീസിനെ ന്യായീകരിക്കുന്നത്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്ത പരിശോധന നടത്തിയില്ലെന്നാണ് പൊലീസ് വാദം.
നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന എസ് ഐ ജയപ്രകാശ് രക്തം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാൽ
കൃത്യമായ പ്രത്യേക അപേക്ഷ നൽകണമെന്ന് ഡോക്ടർ മറുപടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഈ സമയം പ്രത്യേക അപേക്ഷ സമർപ്പിക്കാൻ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് പരാതിക്കാരൻ വിസമ്മതിച്ചത് മൂലമാണെന്നാണ് മറ്റൊരു ന്യായീകരണം.
വഫ ഫിറോസിന്റെ മെഡിക്കൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തർക്കിച്ചെന്നും ഏഴ് മണിക്കൂർ വൈകിയാണ് പരാതിക്കാരൻ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ കോടതി നിരീക്ഷണം ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here