‘നാളെ എന്ന സങ്കല്പം പോലുമില്ലാതെ ചിലർ ഈ രാത്രി കഴിച്ചു കൂട്ടുന്നുണ്ട്’; സൈമ പുരസ്കാരച്ചടങ്ങിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്: വീഡിയോ

ഖത്തറിൽ നടന്ന സൈമ അവാർഡ് വേദിയിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. വേദിയിൽ അവാർഡ് ഏറ്റു വാങ്ങിയശേഷം മറുപടി പറയവെയായിരുന്നു ദുരിതബാധിതർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് പൃഥ്വി സംസാരിച്ചത്.
മലയാള സിനിമ ഇൻഡസ്ട്രിയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതു കൊണ്ട് കേരളത്തെക്കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത് എന്ന് പറഞ്ഞാണ് പൃഥ്വി തുടങ്ങിയത്. “രണ്ടു ലക്ഷത്തിലധികം ആൾക്കാർ ഈ ദുരന്തം ബാധിക്കപ്പെട്ട് റിലീഫ് ക്യാമ്പുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അതിൽ ഒരു വലിയ ഭൂരിഭാഗം നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ ഇന്ന് ഈ രാത്രി പോലും ചിലവഴിക്കുന്നവരാണ്. അതുകൊണ്ട് നമ്മളാൽ കഴിയുന്ന എല്ലാ സഹായങ്ങളും കേരളത്തിനുവേണ്ടി നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്”-പൃഥ്വി പറഞ്ഞു.
മലയാള സിനിമ കൈകോർത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അത് കൊണ്ടുമതിയാവില്ലെന്നു പൃഥ്വി പറഞ്ഞു. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ തന്റെയോ ലാലേട്ടന്റെയോ ടൊവിനോയുടെയോ അമ്മ സംഘടനയുടെയോ സോഷ്യൽമീഡിയ പേജുകളിൽ നോക്കിയാൽ മനസിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് പൃഥ്വിരാജിന് ലഭിച്ചത്. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു പൃഥ്വി ചടങ്ങിനെത്തിയത്. നടി രാധിക ശരത്കുമാർ ആണ് പൃഥ്വിക്ക് അവാർഡ് സമ്മാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here