ആകെയുള്ള 25 സെന്റിൽ 20 സെന്റും ദുരിതബാധിതർക്കായി മാറ്റിവച്ച് ജിജി; വൈറൽ പോസ്റ്റ്

ആകെയുള്ള 25 സെന്റിൽ 20 സെന്റും ദുരിതബാധിതർക്കായി മാറ്റിവച്ച് കൈത്താങ്ങാകുകയാണ് ജിജി എന്ന യുവതി. ജിജിയുടെ സഹപാഠിയും സുഹൃത്തുമായ റൂബി സജ്‌ന ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് പേർക്ക് അഞ്ച് സെന്റ് ഭൂമി വീതമാണ് നൽകുക. നിലമ്പൂർ എംഎൽഎ പി വി അൻവറുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും റൂബി കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവയ്ക്കുകയാണ് എന്റെ സഹപാഠിയായ ജിജി….

ഒരുപാടൊന്നുമുണ്ടായിട്ടല്ല…. ഒരുപാട് നൻമ നിറഞ്ഞ മനസ്സുള്ളത് കൊണ്ട് മാത്രം…..

ഇല്ലായ്മയുടെ കുടുംബാന്തരീക്ഷത്തിൽ നിന്നും ഇന്നിന്റെ ധന്യതയിലേക്ക് അവൾ വളർന്നത് ഒരു പാടു യാതനകളോടുള്ള പോരാട്ടത്തിലൂടെയായിരുന്നു…. മുഴുപ്പട്ടിണിയുടെ മൂർദ്ധാവിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കണ്ടിരുന്ന ആ പ്രതീക്ഷകളുടെ തിളക്കം ഇന്നവൾ പടവെട്ടി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്… അതിൽ നിന്നും ഒരു പങ്ക് ദുരിതബാധിതർക്ക് നൽകാൻ അവൾ തീരുമാനിച്ചതിൽ ഒട്ടും അൽഭുതപ്പെടാനില്ല…

അതിനൊക്കെ ഒരു പാട് മുകളിലാണ് അവളുടെ ഹൃദയവിശാലത…. സ്വന്തമായി വാങ്ങിയ 25 സെന്റ് ഭൂമിയിൽ നിന്നും 5 സെന്റ് മാത്രം സ്വന്തം ഉപയോഗത്തിനെടുത്ത് ബാക്കിയുള്ള 20 സെൻറും ദുരിതബാധിതർക്ക് വീതിച്ചു നൽകുവാൻ തയ്യാറായിരിക്കുകയാണ് ജിജി….
ഈ തീരുമാനം കഴിഞ്ഞ ദിവസം എന്നെ വിളിച്ച് പറയുകയും ബഹുമാന്യനായ നിലമ്പൂർ എംഎൽഎ ശ്രീ പി വി അൻവറിനോട് ഞാൻ ഈ വിവരം ചർച്ച ചെയ്യുകയുമുണ്ടായി….

അദ്ദേഹം ജിജിയുടെ വലിയ മനസ്സിനു നന്ദി പറഞ്ഞ് കൊണ്ട് ജിജിയുമായി ഇന്ന് സംസാരിച്ച് തുടർനടപടികളിലേക്ക് കടക്കും…..

ഒരുപാടു നന്മ മനസ്സുകൾ എന്റെ നിലമ്പൂരിലേയ്ക്ക് സഹായ ഹസ്തങ്ങളുമായി കടന്നു വരുന്നുണ്ട്…. ഓരോനാണയത്തുട്ടുകളും ഏറെ വിലപ്പെട്ടതുമാണ്…. എങ്കിലും പട്ടിണികൊണ്ട് പള്ളയൊട്ടിയ ജിജിയെന്ന എന്റെ ആ പഴയ പാവാടക്കാരിയുടെ ഹൃദയവിശാലതയോളം വിലമതിക്കുന്ന ഒന്നും എന്റെ നാടിനു ലഭിക്കില്ലെന്നു തന്നെ ഞാൻ കരുതുന്നു…

മുത്തേ… അഞ്ചു കുടുംബങ്ങളുടെ കൺകണ്ട ദൈവമായി നീ മാറുമ്പോൾ എനിക്കും തോന്നുന്നെടീ നിന്നോട് വല്ലാത്ത ഒരു ആരാധന….നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More