ആറുദിവസം നീളുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി

തെറ്റുതിരുത്തല്‍ മുഖ്യഅജണ്ടയായി ആറുദിവസം നീളുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. സംഘടനാതലത്തിലും ഭരണതലത്തിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് തിരുത്തല്‍ നടപടികളിലേക്ക് സിപിഐഎം കടക്കുന്നത്.
തെറ്റുതിരുത്തലിന്റേയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വകുപ്പുതിരിച്ചുള്ള വിലയിരുത്തലിന്റേയും കരട് തയാറാക്കുകയാണ് മൂന്നുദിവസം നീളുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ദൗത്യം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിമാരും യോഗത്തില്‍ വെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനും, നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും പദ്ധതി യോഗങ്ങള്‍ തയാറാക്കും.
സംഘടനാതലത്തില്‍ വരുത്തേണ്ട മാറ്റങ്ങളിലും വിശദമായ ചര്‍ച്ചയുണ്ടാകും. പാലക്കാട്, കൊല്‍ക്കത്ത പ്ലീനങ്ങള്‍ നിര്‍ദേശിച്ച തെറ്റുതിരുത്തല്‍ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനായില്ലെന്ന വിമര്‍ശനം യോഗത്തിലുയരും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം നേതൃനിരയാകെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരിക്കും മാറ്റങ്ങള്‍.