പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പലിശ രഹിത കാർഷിക വായ്പ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് കടകംപള്ളി സുരേന്ദ്രൻ

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കർഷകർക്ക് പലിശ രഹിത കാർഷിക വായ്പ നൽകണമെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നബാർഡിൽ നിന്ന് ലഭിക്കുന്ന പുനർവായ്പ 40 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കി ഉയർത്തണമെന്നും 4.5 ശതമാനം എന്ന പലിശ നിരക്ക് 3 ശതമാനമാക്കി കുറയ്ക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സഹകരണ ബാങ്കുകളിലെ കാർഷിക കടങ്ങൾക്ക് ഒരു വർഷം കൂടി മൊറട്ടോറിയം നീട്ടണമെന്ന് നിവേദനം നൽകിയിട്ടുണ്ട്. 2000 കോടി രൂപ 6 ശതമാനം പലിശ നിരക്കിൽ ഹ്രസ്വകാല വായ്പ അനുവദിക്കണമെന്നും ദീർഘ കാല വായ്പകളുടെ കാലാവധി അഞ്ചിൽ നിന്ന് പതിനഞ്ചു വർഷമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ ദുരിത പ്രദേശങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുമെന്ന് അറിയിച്ചതായും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here