ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ഇനി കോലി സ്റ്റാൻഡ്

ഇന്ത്യൻ സീനിയർ ടീം ജേഴ്സിയിൽ 11 വർഷം പൂർത്തിയാക്കിയ നായകൻ വിരാട് കോലിക്ക് ആദരവുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷൻ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡ് ഇനി കോലിയുടെ പേരിലാവും അറിയപ്പെടുക.
ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 12 നാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കോലി ലോക ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഇത് ഒരുപാട് യുവതാരങ്ങള്‍ക്ക് വളര്‍ന്നു വരാനുള്ള പ്രേരണയാകുമെന്നും രജത് ശർമ്മ പറഞ്ഞു.
2008 ഓഗസ്റ്റ് 18 നാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ലോക ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോർഡുകളെല്ലാം തിരുത്തിക്കുറിക്കുന്ന അദ്ദേഹം നിലവിൽ ഏകദിനത്തിലെയും ടെസ്റ്റിലെയും ഒന്നാം നമ്പർ ബാറ്റ്സ്മാനാണ്. എണ്ണമറ്റ റെക്കോർഡുകൾ ഇപ്പോൾ തന്നെ കുറിച്ചു കഴിഞ്ഞ അദ്ദേഹം ഏറെ വൈകാതെ തന്നെ റൺസിൻ്റെയും സെഞ്ചുറികളുടെയും എണ്ണത്തിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറെ ഏറെ വൈകാതെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here