സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത തുക സർക്കാരിലേക്ക് നൽകിയില്ല; ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി

സാലറി ചലഞ്ചിലൂടെ ജീവനക്കാരിൽ നിന്നും പിരിച്ച തുക കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലെന്ന് ആരോപണം. 136 കോടി രൂപ പിരിച്ചിട്ടും 10.23 കോടി മാത്രമാണ് നൽകിയത്. എന്നാൽ പത്ത് മാസം കൊണ്ട് പിരിച്ചെടുക്കുന്ന തുക ഒരുമിച്ച് നൽകാനാണ് തീരുമാനിച്ചതെന്നും ആഗസ്റ്റ് 14ന് തന്നെ തുക നൽകാൻ ബോർഡ് തീരുമാനിച്ചെന്നും കെഎസ്ഇബി വ്യക്തമാക്കി.
കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സാലറി ചലഞ്ചിലൂടെ ജീവനക്കാരിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമഹാരിക്കാൻ തീരുമാനിച്ചത്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയിൽ പത്ത് മാസം കൊണ്ട് തുക പിരിക്കാനായിരുന്നു തീരുമാനം. ഈ രീതിയിൽ കെഎസ്ഇബി ജീവനക്കാരിൽ നിന്നും ജൂലൈ വരെ 136 കോടി രൂപ പിരിച്ചെടുത്തു. എന്നാൽ ഇതിൽ 10.23 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നാണ് ആരോപണം.
ഓരോ മാസവും പിരിച്ചെടുക്കുന്ന തുക അതാത് മാസം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന ചട്ടം കെഎസ്ഇബി ലംഘിച്ചുവെന്നാണ് ആരോപണം. എന്നാൽ പത്ത് മാസം കൊണ്ടുപിരിച്ചെടുക്കുന്ന തുക ഒരുമിച്ച് നൽകാനാണ് തീരുമാനിച്ചതെന്നും അതുകൊണ്ടാണ് മാസം തോറും തുക നൽകാതിരുന്നതെന്നുമാണ് കെ.എസ്.ഇ.ബി വിശദീകരിക്കുന്നത്. ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്. ജൂലൈ മാസത്തിലാണ് സാലറി ചലഞ്ച് പുർത്തിയായത്. ആഗസ്റ്റ് 14ന് തന്നെ ബാക്കി തുക ഒരുമിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബോർഡ് തീരുമാനിച്ചിരുന്നുവെന്ന് ബോർഡ് ചെയർമാൻ എൻ എസ്പിള്ള വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here