ഉന്നാവ് വാഹനാപകടക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് രണ്ടാഴ്ച്ച സമയം അനുവദിച്ച് സുപ്രീംകോടതി

ഉന്നാവ് വാഹനാപകടക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് രണ്ടാഴ്ച്ച സമയം കൂടി അനുവദിച്ച് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ ചികില്‍സാ ചെലവിനായി അഞ്ചു ലക്ഷം രൂപ ഉടന്‍ കൈമാറാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വാഹനാപകടക്കേസിലെ മുഖ്യ സാക്ഷികളായ ഉന്നാവ് ഇരയുടെയും അഭിഭാഷകന്റെയും മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകുകയുള്ളുവെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലാണ് ഇരുവരും. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ മൊഴി രേഖപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ച്ച സമയം അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
എന്നാല്‍, ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ച സമയം കൂടി അനുവദിച്ചു. ഇരയുടെ ബന്ധുക്കള്‍ മാധ്യമങ്ങളെ കാണരുതെന്നും നിര്‍ദേശം നല്‍കി. ഗുരുതരാവസ്ഥയില്‍ തുടരുന്ന അഭിഭാഷകന്റെ ചികില്‍സാ ചെലവിനായി അഞ്ച് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി ഉടന്‍ കൈമാറാനും യു.പി സര്‍ക്കാരിനോട് ഉത്തരവിട്ടു. കേസ് സെപ്റ്റംബര്‍ ആറിന് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here