സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജി; കേന്ദ്രസർക്കാരിനും സാമൂഹ്യമാധ്യമങ്ങൾക്കും നോട്ടീസ് അയക്കാൻ ഉത്തരവ്

Supreme Court Khap

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ. സമാന ആവശ്യമുള്ള പൊതുതാൽപര്യഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ആവശ്യം പരിഗണിച്ചപ്പോഴാണ് തമിഴ്നാടിന് വേണ്ടി ഹാജരായ എ.ജി നിലപാട് വ്യക്‌തമാക്കിയത്‌. ഫെയ്‌സ്ബുക്കിന്റെ ആവശ്യത്തിൽ കേന്ദ്രസർക്കാരിനും സാമൂഹ്യമാധ്യമങ്ങൾക്കും നോട്ടീസ്‌ അയക്കാൻ ഉത്തരവിട്ട കോടതി, മൂന്ന് ഹൈക്കോടതികൾ പരിഗണിക്കുന്ന ഹർജികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളുടെ പരിഗണനയിലുള്ള പൊതുതാൽപര്യഹർജികളിലെ ആവശ്യം. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സുപ്രീംകോടതി തന്നെ ഈ ഹർജികൾ പരിഗണിക്കണമെന്നും ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടു. എന്നാൽ ഫെയ്‌സ്ബുക്കിന്റെ വാദങ്ങളെ തമിഴ്നാടിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ എതിർത്തു. മദ്രാസ് ഹൈക്കോടതിയുടെ വിധി ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ല.

സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താൻ നിലവിൽ സംവിധാനമില്ല. ഫെയ്‌സ്ബുക്ക് തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. രാജ്യവിരുദ്ധവും ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നതുമായ പോസ്റ്റുകളുടെ വ്യാപനം തടയണം. സൈബർ കുറ്റകൃത്യങ്ങൾ നേരിടാനും ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടതുണ്ട്. പോസ്റ്റുകളുടെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യമാണ്. ബ്ലൂ വെയിൽ ഗെയിം വരുത്തിയ മരണങ്ങളെയും എ.ജി ചൂണ്ടിക്കാട്ടി. ഓൺലൈൻ സ്വകാര്യത ഉറപ്പാക്കേണ്ടത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താനുള്ള ഉത്തരവാദിത്തമെന്ന് കോടതി വ്യക്‌തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top