ബൗൺസറുകൾ നാശം വിതയ്ക്കുന്നു; നെക്ക് ഗാർഡ് ഹെല്മറ്റുകൾ ധരിക്കണമെന്ന് ബിസിസിഐ

ബൗൺസറേറ്റ് ബാറ്റ്സ്മാന്മാർക്കു പരിക്കേൽക്കുന്ന രീതി തുടർക്കഥയായതോടെ താരങ്ങളോട് നെക്ക് ഗാർഡുള്ള ഹെല്മറ്റുകൾ ധരിക്കണമെന്ന നിർദ്ദേശവുമായി ബിസിസിഐ. നിർദ്ദേശം മാത്രമാണ് ബിസിസിഐ നൽകുന്നതെന്നും അന്തിമ തീരുമാനം താരങ്ങൾക്ക് എടുക്കാമെന്നും ബിസിസിഐ പറഞ്ഞു.
നിലവിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ശിഖർ ധവാൻ മാത്രമാണ് നെക്ക് ഗാർഡുള്ള ഹെല്മറ്റ് ധരിക്കുന്നത്. ബാക്കിയുള്ളവരൊക്കെ സാധാരണ ഹെല്മറ്റാണ് ധരിക്കാറുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നാളെ മുതൽ ആരംഭിക്കാനിരിക്കെ താരങ്ങൾ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാനാണ് സാധ്യത. സുരക്ഷ കൂടുതൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പല ക്രിക്കറ്റ് ബോർഡുകളും നെക്ക് ഗാർഡിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനിടെയാണ് ബിസിസിഐയും നിർദ്ദേശവുമായി എത്തിയത്.
ആഷസ് രണ്ടാം ടെസ്റ്റിനിടെ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് സ്റ്റീവ് സ്മിത്ത് വിണതും കളി മതിയാക്കേണ്ടി വന്നതും ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പരിക്കേറ്റ സ്മിത്തിന് മൂന്നാം ടെസ്റ്റിലും കളിക്കാനാവില്ല. ഇതോടെ കഴുത്തിന് സംരക്ഷണം നല്‍കുന്ന ഹെല്‍മറ്റ് ധരിക്കണമെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here