ആപ്പ് റെഡി; വീട്ടിലെ ഭക്ഷണം ഇനി മുതല്‍ നാട്ടിലും… വേഗം ഓര്‍ഡര്‍ ചെയ്‌തോളൂ…!

ഫാസ്റ്റ് ഫുഡും ജങ്ക്‌ ഫുഡും എത്ര തന്നെ നമ്മുടെ രുചി ഭേദങ്ങളെ കീഴടക്കിയാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. അതിലൊരല്‍പം സ്‌നേഹവും കരുതലുമൊക്കെ മുന്നിട്ടു നില്‍ക്കും…

അത്തരത്തില്‍ വീട്ടിലെ അടുക്കളയെ നാട്ടിലും സജീവമാക്കാന്‍ എത്തുകയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ഒരു ആപ്ലിക്കേഷന്‍. ‘ഡൈനപ്‌സ് ആപ്പ്’ എന്നാണ് ഭക്ഷണമെത്തിക്കുന്ന ഈ ആപ്ലിക്കേഷന്റെ പേര്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്ലെറ്റിക് ഈറ്റ്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് വീട്ടിലെ ഭക്ഷണത്തെ നാട്ടിലെത്തിക്കുന്ന ഈ ആപ്ലിക്കേഷനു പിന്നില്‍.

ചൂട് ദോശ  മുതല്‍ ദം ഇട്ട ബിരിയാണി വരെ ഈ ഡൈനപ്‌സ് ആപ്പിലൂടെ ലഭിക്കും. ആവശ്യക്കാരന്‍ നില്‍ക്കുന്നിടത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് കൊണ്ട്‌
ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മാത്രമല്ല, പണം ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.

ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്ന സ്ത്രീകളുടെ കഴിവ് ഉപയോഗപ്രദമാക്കാന്‍ ലളിതമായൊരു വേദി ഒരുക്കലാണ് ഡൈനപ്‌സ് എന്ന ആപ്പിന്റെ രൂപകല്‍പ്പനയിലേക്ക് എത്തിച്ചതെന്ന് ആപ്ലിക്കേഷന്റെ സംരംഭകയായ സജ്‌ന പറയുന്നു. പാചകം തൊഴിലായി സ്വീകരിക്കാന്‍ താല്‍പര്യമുളളവര്‍ക്കും ആപ്ലിക്കേഷനില്‍ ഷെഫ് ആയി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി രുചികരമായി ഭക്ഷണമുണ്ടാക്കാനുള്ള കഴിവും എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കേറ്റും ഒരു ബാങ്ക് അക്കൗണ്ടും മാത്രമാണ് ആവശ്യം.

വിഭവങ്ങളും വിലയും ഷെഫിനു തീരുമാനിക്കാം. മാത്രമല്ല, ഓരോ ദിവസവും ഉണ്ടാക്കാന്‍ പോകുന്ന ഭക്ഷണം മുന്‍കൂട്ടി നിശ്ചയിക്കാനും അത് ഉപഭോക്താക്കളോട് പറയാനും കഴിയും. എന്നാല്‍ സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണം മാത്രമാണ് വിതരണം ചെയ്യപ്പെടുന്നത്‌
എന്ന് പ്രത്യേകം ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ ഉപഭോക്താക്കളിലേക്ക് എത്തിക്കു എന്ന് ആപ്ലിക്കേഷന്റെ ഓപ്പറേഷന്‍ മാനേജര്‍ റാഷിദ ലുക്ക് മാന്‍ പറഞ്ഞു. കോഴിക്കോട് സേവനം ആരംഭിച്ച ആപ്ലിക്കേഷന്‍ താമസിക്കാതെ കൊച്ചിയിലും സേവനം തുടങ്ങും. നിലവില്‍ ഗൂഗിള്‍
പ്ലേസ്റ്റോറില്‍ ലഭ്യമായ ആപ്പിന്റെ ഐഒഎസ് പതിപ്പ് ഉടന്‍ ലഭ്യമായിത്തുടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More