ചോറ് ഒഴിവാക്കി, ചപ്പാത്തി മാത്രം; ജയിൽ ചാട്ടത്തിനായി ഗോവിന്ദച്ചാമിയുടെ ‘സ്പെഷ്യൽ ഡയറ്റ്’

ജയിലില്‍ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നത് കൃത്യമായ മെനുവും അളവും അനുസരിച്ചാണ്.ഒരു തടവുകാരന്‍ ഭക്ഷണം കഴിക്കാതിരിക്കുകയോ, കുറച്ച് മാത്രമേ കഴിക്കുകയോ, ചില വിഭവങ്ങള്‍ ഒഴിവാക്കുകയോ ചെയ്താല്‍ അത് സാധാരണയായി ജയില്‍ വാര്‍ഡന്മാര്‍ ശ്രദ്ധിക്കും. എന്നാൽ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ അതുണ്ടായില്ല.
ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രമായിരുന്നു അയാൾ ആഴ്ചകളായി കഴിച്ചിരുന്നത്. ശരീരത്തിന്റെ വണ്ണം കുറച്ച് രണ്ട് കമ്പികൾ മുറിച്ചുമാറ്റിയ ചെറിയ വിടവിലൂടെ പുറത്തുകടക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് കരുതുന്നത്. ഡോക്ടറുടെ പക്കൽനിന്ന് എഴുതി വാങ്ങിയായിരുന്നു ചപ്പാത്തി മാത്രം കഴിച്ചിരുന്നത്. കുറേ മാസമായി കടുത്ത വ്യായാമം ചെയ്തു. അങ്ങനെ ശരീരഭാരം പകുതിയായി കുറച്ച് ജയിൽ ചാടാനുള്ള ശാരീരിക ശേഷി നേടിയെടുത്തു .
2011 നവംബര്‍ 11-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ദിനം മുതല്‍ തന്നെ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥർക്ക് തലവേദനയായിരുന്നു. ആദ്യം ജയിലുമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകവും, പിന്നീട് പൂജപ്പുര ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവും നടത്തി. നിരാഹാരത്തിനിടയിലും മറ്റുചില വിചിത്രമായ ആവശ്യങ്ങള്‍ ഗോവിന്ദച്ചാമി മുന്നോട്ടുവച്ചു.
ഉച്ചയ്ക്ക് ബിരിയാണിയും രാത്രി പൊറോട്ടയും കോഴിക്കറിയും വേണം, ജയിലിനുള്ളിൽ കഞ്ചാവ് ലഭ്യമാക്കണം എന്നീ ആവശ്യങ്ങളാണ് ഗോവിന്ദച്ചാമി മുന്നോട്ട് വച്ചത്. എന്നാൽ ആ നിരാഹാരം ചോറും മട്ടന്‍ കറിയും കണ്ടപ്പോള്‍ അവസാനിച്ചു. ഗോവിന്ദച്ചാമിയുടെ സെല്ലിന്റെ തൊട്ടു മുന്നില്‍ വെച്ച് ആവി പാറുന്ന മട്ടന്‍ കറി വിളമ്പി നിരാഹാരം അവസാനിപ്പിക്കാന്‍ അയാളെ പ്രലോഭിപ്പിക്കുകയെന്ന ജയിലധികൃതരുടെ തന്ത്രമാണ് അന്ന് വിജയിച്ചത്.
രണ്ടുകൈകളും നല്ല ആരോഗ്യവും മെയ്‌വഴക്കവും ഉള്ള ഒരാൾക്കുപോലും ജയിലിലെ ആ ഉയർന്ന മതിലുകൾ ചാടിക്കടക്കുകായെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അങ്ങനെയിരിക്കെ, ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി എങ്ങനെ ആ മതിൽ ചാടിക്കടന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞ ജയിൽ ചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.കണ്ണൂർ അതിവ സുരക്ഷാ ജയിലിലെ കമ്പി മുറിച്ചത് മുതൽ, നാലാൾ പൊക്കമുള്ള മതിൽ ചാടിയത് വരെ, ഒട്ടേറെ ചോദ്യങ്ങൾക്ക് അധികൃതർ മറുപടി നൽകേണ്ടി വരും.
Story Highlights : Govindachamy diet plan food Kannur Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here