കശ്മീർ വിഷയം അതിസങ്കീർണ്ണം; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്

കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി വീണ്ടും അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ പ്രശ്നം സങ്കീർണമാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെയും, ട്രംപ് സമാനപ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇതിൽ അമേരിക്കൻ ഇടപെടൽ ആവശ്യമില്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. കശ്മീർ വിഷയം ചർച്ച ചെയ്യുന്നതിന് യുഎൻ സുരക്ഷാ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഈ യോഗം ആരംഭിക്കുന്നതിനു മിനിറ്റുകൾ മാത്രം മുൻപ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈ വിഷയം ട്രംപുമായി ചർച്ച ചെയ്യുകയും അമേരിക്കൻ ഇടെപെടൽ തേടുകയും ചെയ്തിരുന്നു.
അതേസമയം, കശ്മീരിൻ്റെ കാര്യത്തിൽ ഈയിടെയുണ്ടായ നടപടികൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്.ടി.എസ്പെർ വ്യക്തമാക്കിയിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനു ശേഷമാണ് എസ്പെർ ഈ പ്രതികരണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here