ധോണിയെ മറികടക്കാൻ കോലി; ടെസ്റ്റ് പരമ്പര തൂത്തുവാരിയാൽ റെക്കോർഡ്

ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോലി. മുൻ നായകൻ എംഎസ് ധോണിയുടെ റെക്കോർഡാണ് കോലി മറികടക്കാനൊരുങ്ങുന്നത്. വിൻഡീസിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര തൂത്തുവാരിയാൽ കോലി ധോണിയെ മറികടക്കും.
60 മത്സരങ്ങളിൽ നിന്നായി 27 വിജയങ്ങളാണ് ധോണിക്കുള്ളത്. 2014 ൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത കോഹ്ലി ഇത് വരെ 46 മത്സരങ്ങളിൽ 26 വിജയങ്ങൾ ടീമിന് സമ്മാനിച്ചു. വിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചാൽ ക്യാപ്റ്റൻസിയിലെ ഈ ഇന്ത്യൻ റെക്കോർഡ് കോലിയ്ക്ക് സ്വന്തമാകും. ഒരു മത്സരത്തിൽ വിജയിച്ചാൽ ധോണിക്കൊപ്പമെത്താനും കോലിക്ക് സാധിക്കും.
സൗരവ് ഗാംഗുലി, മൊഹമ്മദ് അസറുദ്ദീൻ എന്നിവരാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്മാരിൽ മൂന്നും, നാലും സ്ഥാനങ്ങളിലുള്ളത്. ഗാംഗുലി 49 ടെസ്റ്റുകളിൽ 21 ജയവും, അസറുദ്ദീൻ 47 ടെസ്റ്റുകളിൽ 14 ജയങ്ങളുമാണ് ടീമിന് സമ്മാനിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here