തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം; കെട്ടിവച്ചത് 1.95 കോടി

ചെക്ക് തട്ടിപ്പ് കേസിൽ യുഎഇയിൽ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. ജാമ്യ തുകയായി ഒരു മില്യൺ ദിർഹ(ഏകദേശം 1.95 കോടി)മാണ് കെട്ടിവച്ചത്. തുഷാർ വെള്ളാപ്പള്ളി ഇന്ന് തന്നെ മോചിതനാകും.
തുഷാർ വെള്ളാപ്പള്ളിയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. യുഎഇയിൽ കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും നിയമപരിധിയിൽ നിന്നുകൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്നും പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
10 വർഷം മുൻപ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് അജ്മാൻ പൊലീസ് ഇന്നലെ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. അജ്മാനിലെ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നൽകിയത്. എന്നാൽ കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയത് മറച്ചുവച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
വെള്ളാപ്പള്ളി നടേശന്റ ഉടമസ്ഥതയിൽ അജ്മാനിൽ ഉണ്ടായിരുന്ന ബോയിംഗ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ടറായിരുന്നു നാസിൽ അബ്ദുള്ള. കമ്പനി നഷ്ടത്തിലായതോടെ വെള്ളാപ്പള്ളി കമ്പനി കൈമാറി. നാസിൽ അബ്ദുള്ളയ്ക്ക് കുറച്ച് പണം കൈമാറാനുണ്ടായിരുന്നു. എന്നാൽ പണത്തിന് പകരം തീയതി എഴുതാത്ത ഒരു ചെക്കാണ് നൽകിയത്. ഇതാണ് അറസ്റ്റിനിടയാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here