ഡ്യൂറന്റ് കപ്പ്: ചരിത്രം കുറിയ്ക്കാൻ ഗോകുലം ഇറങ്ങുന്നു; എതിരാളികൾ മോഹൻ ബഗാൻ

എഫ്സി കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം ആകാന്‍ ഗോകുലം എഫ്‌സി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ മോഹന്‍ ബഗാനാണ് ഗോകുലത്തിൻ്റെ എതിരാളികള്‍. ജയിച്ചാല്‍ 129 വര്‍ഷം പഴക്കമുള്ള കപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ കേരള ടീമായി ഗോകുലം മാറും.
കഴിഞ്ഞ സീസണിലെ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ മികച്ച ടീമുമായി കളിക്കാനിറങ്ങിയ ഗോകുലം ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സെമി ഫൈനലില്‍ കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ 3-2ന് മറികടന്നെത്തുന്ന ടീമിന് കിരീടപ്രതീക്ഷയുമുണ്ട്. സെമിയിലെ ഷൂട്ടൗട്ടില്‍ തിളങ്ങിയ ഗോള്‍കീപ്പര്‍ സികെ ഉബൈദ് മികച്ച ഫോമിലാണ്. മധ്യനിരയില്‍ മുഹമ്മദ് റാഷിദും നായകന്‍ മാര്‍കസ് ജോസഫും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒമ്പത് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ മുമ്പിലുള്ള മാര്‍കസും ഹെന്റി കിസേക്കയും ചേർന്ന മുന്നേറ്റ നിരയെ തളയ്ക്കുക എളുപ്പമാകില്ല.
മറുവശത്ത് മോഹന്‍ബഗാന്‍ പതിനേഴാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഏറ്റവും കൂടുതല്‍ തവണ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്‍മാരായ ടീമെന്ന ഖ്യാതി സ്വന്തമാക്കാന്‍ ടീമിന് സുവര്‍ണാവസരമാണിത്. ഫ്രാന്‍ മൊറാന്റെ, ഗുര്‍ജിന്തര്‍ കുമാര്‍, അശുതോഷ് മെഹ്ത എന്നിവരടങ്ങുന്ന കൊല്‍ക്കത്ത ടീം ശക്തരാണ്. മലയാളി താരങ്ങളായ വി പി സുഹൈറും കെ മിര്‍ഷാദും ബഗാന്‍ നിരയില്‍ കളിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here