Advertisement

ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകളെടുക്കുന്ന ഇന്ത്യൻ പേസർ; റെക്കോർഡ് തിരുത്തി ജസ്പ്രീത് ബുംറ

August 24, 2019
Google News 0 minutes Read

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറെന്ന നേട്ടം ജസ്പ്രിത് ബുംറയ്ക്ക്. വെസ്റ്റിൻഡീസിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് ബുംറ ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവരെയാണ് ഇക്കാര്യത്തിൽ ബുംറ പിന്നിലാക്കിയിരിക്കുന്നത്.

വിൻഡീസ് താരം ഡാരൻ ബ്രാവോ ആയിരുന്നു ടെസ്റ്റിലെ ബുംറയുടെ അൻപതാമത്തെ ഇര. ബ്രാവോയെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. 13 ടെസ്റ്റുകളിൽ 50 വിക്കറ്റുകൾ തികച്ച വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവരെയാണ് ബുംറ പിന്തള്ളിയത്.

ഏറ്റവും കുറച്ച് പന്തുകളിൽ നിന്ന് 50 ടെസ്റ്റ് വിക്കറ്റുകൾ എടുക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇന്നലെ ബുംറ സ്വന്തമാക്കി. ഇക്കാര്യത്തിൽ രവിചന്ദ്രൻ അശ്വിനെയാണ് ബുംറ മറികടന്നത്. 2597 പന്തുകളിലാണ് അശ്വിൻ 50 ടെസ്റ്റ് വിക്കറ്റുകൾ നേടിയതെങ്കിൽ, 2464 പന്തുകൾ മാത്രമെറിഞ്ഞായിരുന്നു ബുംറ 50 വിക്കറ്റുകൾ തികച്ചത്. ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഇന്ത്യൻ പേസർമാരിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഇന്ത്യൻ ബൗളർമാരിൽ മൂന്നാം സ്ഥാനമാണ് ബുംറയ്ക്കുള്ളത്. 9 ടെസ്റ്റുകളിൽ 50 വിക്കറ്റുകൾ തികച്ച അശ്വിൻ, 10 ടെസ്റ്റുകളിൽ ഈ നേട്ടത്തിലെത്തിയ അനിൽ കുംബ്ലെ എന്നിവരാണ് ഇക്കാര്യത്തിൽ ബുംറയ്ക്ക് മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ.

അതേ സമയം, ഇന്ത്യക്കെതിരെ വിൻഡീസ് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ 297 ന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ 189/8 എന്ന നിലയിൽ പതറുകയാണ്. അഞ്ച് വിക്കറ്റുകളെടുത്ത ഇഷാന്ത് ശർമ്മയാണ് ആതിഥേയരെ തകർത്തത്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറിനേക്കാൾ 108 റൺസ് പിന്നിലാണ് വിൻഡീസ്.

നേരത്തെ 203/6 എന്ന‌ നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 297 റൺസിൽ പുറത്താവുകയായിരുന്നു. 58 റൺസെടുത്ത രവീന്ദ്ര ജഡേജയായിരുന്നു രണ്ടാം ദിനം ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗിൽ തിളങ്ങിയത്. വിൻഡീസിന് വേണ്ടി കെമർ റോച്ച് 4 വിക്കറ്റുകളും ഷാനോൺ ഗബ്രിയേൽ 3 വിക്കറ്റുകളും വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here