ബാറ്റെടുത്തപ്പോൾ 56 പന്തുകളിൽ പുറത്താവാതെ 134 റൺസ്; പന്തെറിഞ്ഞപ്പോൾ നാലോവറിൽ 8 വിക്കറ്റ്; അത്ഭുതമായി കൃഷ്ണപ്പ ഗൗതമിന്റെ പ്രകടനം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതമിൻ്റെ ഓൾറൗണ്ട് മികവ്. കർണാടക പ്രീമിയർ ലീഗിലാണ് ഇതുവരെ ടി-20 ലോകം കണ്ടതിൽ ഏറ്റവും മികച്ച പ്രകടനവുമായി ഗൗതം അരങ്ങു തകർത്തത്. ബാറ്റിംഗിനിറങ്ങിയപ്പോൾ 56 പന്തുകളിൽ 134 റൺസ് നേടി പുറത്താവാതെ നിന്ന ഗൗതം പന്തെറിഞ്ഞപ്പോൾ എട്ടു വിക്കറ്റുകളും വീഴ്ത്തി.

ബെല്ലാരി ടസ്കേഴ്സും ഷിമോഗ ലയൺസും തമ്മിലുള്ള മത്സരത്തിലായിരുന്നു ഗൗതമിൻ്റെ അതിശയിപ്പിക്കുന്ന പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ബെല്ലാരി ടസ്കേഴ്സിൻ്റെ താരമായ ഗൗതം 13 സിക്സും ഏഴു ബൗണ്ടറികളും സഹിതമാണ് 134 റൺസെടുത്തത്. കർണാടക പ്രീമിയർ ലീഗിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറാണിത്. 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബെല്ലാരി അടിച്ചു കൂട്ടിയത് 203 റൺസ്. മഴ കളിച്ച മത്സരം 17 ഓവറുകൾ വീതമായി ചുരുക്കിയിരുന്നു.

പിന്നീടായിരുന്നു ബൗളിംഗ് പ്രകടനം. 4 ഓവറിൽ 15 റൺസ് മാത്രം വിട്ട് കൊടുത്ത് 8 വിക്കറ്റുകളാണ് ഗൗതം പിഴുതത്. ഷിമോഗയെ 133 റൺസിന് ഓൾ ഔട്ട് ആക്കിയ ബെല്ലാരി 70 റൺസിൻ്റെ കൂറ്റൻ വിജയം നേടി. ടി-20 ക്രിക്കറ്റിൽ 8 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായും ഇതോടെ കൃഷ്ണപ്പ ഗൗതം മാറി. എന്നാൽ കർണാടക പ്രീമിയർ ലീഗിന് അന്താരാഷ്ട്ര അംഗീകാരം ഇല്ലാത്തതിനാൽ ഈ നേട്ടം റെക്കോർഡായില്ല.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More