Advertisement

പൊലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണം; സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എഫ്‌സിസിയുടെ ഭീഷണിക്കത്ത്

August 24, 2019
Google News 0 minutes Read

പൊലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എഫ്‌സിസിയുടെ ഭീഷണിക്കത്ത്. പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ മഠത്തില്‍ തുടരാം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കന്യാസ്ത്രീകള്‍ ലൂസിക്കെതിരെ പരാതി നല്‍കുമെന്നും പുറത്താക്കല്‍ കത്തിലെ യഥാര്‍ത്ഥ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നുമാണ് സഭയുടെ ഭീഷണി.

ഫാദര്‍ നോബിള്‍ ചെയ്തതില്‍ തെറ്റില്ലെന്നും സഭ സിസ്റ്റര്‍ ലൂസിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ആഗസ്റ്റ് 19,20 തീയതികളിലായി സിസ്റ്റര്‍ ലൂസി കളപ്പുര കന്യാസ്ത്രീകള്‍ക്കും മാനന്തവാടി രൂപത പിആര്‍ഓ ഫാദര്‍ നോബിള്‍ പാറക്കലിനുമെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നാണ് സഭ നല്‍കിയ കത്തിലെ പ്രധാന ആവശ്യം. പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ മഠത്തില്‍ തുടരാമെന്നും സഭ പറയുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടുന്ന മറ്റ് കന്യാസ്ത്രീകള്‍ ലൂസിക്കെതിരെ പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടി വരുമെന്നും കത്തില്‍ പറയുന്നു.

സിസ്റ്റര്‍ ലൂസിക്കെതിരെ അപകീര്‍ത്തിപരമായ വീഡിയോ യുടൂബില്‍ അപ് ലോഡ്‌
ചെയ്ത വൈദികന്‍ നോബിള്‍ പാറക്കലിനേയും സഭ അനുകൂലിക്കുകയാണ്. നോബിള്‍ ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. കന്യാസ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച കാര്യമാണ് നോബിള്‍ ചൂണ്ടിക്കാണിച്ചതെന്നും എഫ്‌സിസി കത്തില്‍ പറയുന്നു. എന്നാല്‍ സഭ നിര്‍ദ്ദേശിക്കുന്ന പ്രകാരം പരാതി പിന്‍വലിച്ച് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here