മദീരയിലെ തന്റെ മുറി കണ്ട് മകൻ ചോദിച്ചു; ‘പപ്പ ശരിക്കും ഇവിടെ താമസിച്ചിരുന്നോ?’: മദീര യാത്ര ഓർമിച്ച് ക്രിസ്ത്യാനോ റൊണാൾഡോ

കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നു വന്ന താരമാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. പോർച്ചുഗലിലെ മദീര ദ്വീപിൽ ജനിച്ചു വളർന്ന ക്രിസ്ത്യാനോ തൻ്റെ മൂന്നു സഹോദരങ്ങൾക്കൊപ്പം ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. പാചകക്കാരിയായ മാതാവിന്റെയും മുനിസിപ്പാലിറ്റിയിലെ തോട്ടക്കാരനായ പിതാവിന്റെയും സമ്പാദ്യം ആ കുടുംബത്തിനു തികയുമായിരുന്നില്ല.

ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ പെട്ട ആളാണ് ക്രിസ്ത്യാനോ. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ മക്കൾ ആഢംബരത്തോടെയാണ് ജീവിക്കുന്നത്. എപ്പോഴും തനിക്കൊപ്പമുണ്ടായിരുന്ന തൻ്റെ അമ്മയെ തന്നോടൊപ്പം തന്നെ കൂട്ടുന്ന കൃസ്ത്യാനോ വന്ന വഴി മറക്കാറില്ല.

ഇറ്റലിയിലെ ടൂറിനിലാണ് ഇപ്പോൾ ക്രിസ്ത്യാനോയുടെ താമസം. ഈയിടെ അദ്ദേഹം തൻ്റെ ഭാര്യയോടും മക്കളോടുമൊപ്പം താൻ ജനിച്ചുവളർന്ന മെദീരയിലേക്ക് യാത്ര ചെയ്തു. താൻ ജനിച്ചു വളർന്ന വീടും പരിസരങ്ങളും കണ്ടപ്പോൾ തൻ്റെ മൂത്തമകൻ ക്രിസ്ത്യനോ ജൂനിയറിനു വിശ്വസിക്കാനായില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

‘മദീര പട്ടണത്തെയും മാർക്വസ് ഡി പൊംബലിലെ ഞങ്ങളുടെ വീടിനെയും പറ്റി ക്രിസ്ത്യാനോ ജൂനിയർ കേട്ടിട്ടുണ്ട്. പക്ഷേ, ഞാൻ വളർന്ന സാഹചര്യങ്ങൾ കാണുമ്പോൾ അവൻ എന്താവും വിചാരിക്കുക എന്ന കാര്യത്തിൽ എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. ഇത്തവണ ഞാൻ അവിടെ പോയപ്പോൾ അവനും കൂടെ വന്നു. അന്ന് ഞാൻ ജീവിച്ചിരുന്ന അതേ സാഹചര്യത്തിൽ മനുഷ്യർ ഇന്നും അവിടെ ജീവിക്കുന്നുണ്ട്. സത്യം പറയുകയാണെങ്കില്‍ അതെന്നെ സ്പർശിച്ചു. കാരണം, ആ മനുഷ്യരെ പിന്നീടെപ്പോഴെങ്കിലും കാണുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതെന്നെ വല്ലാതെ സ്പർശിച്ചു.’

‘സുഹൃത്ത് പായ്ഷാവോക്കും മകനുമൊപ്പം, പണ്ട് ഞാൻ താമസിച്ചിരുന്ന റൂമിൽ പ്രവേശിച്ചു. മുറികണ്ടപ്പോള്‍ മകൻ എനിക്കു നേരെ തിരിഞ്ഞു ചോദിച്ചു: പപ്പാ, നിങ്ങൾ ഇവിടെയാണോ ജീവിച്ചിരുന്നത്? അവന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.’

‘ലോകത്ത് എല്ലാം എളുപ്പമാണെന്നാണ് അവർ കരുതുന്നത്. ജീവിതനിലവാരം, വീടുകൾ, കാറുകൾ, വസ്ത്രങ്ങൾ… അവർ കരുതുന്നത് ഇതെല്ലാം അവരുടെ മടിയിൽ വെറുതെ വന്നു വീഴുന്നതാണെന്നാണ്. അവന് കാര്യങ്ങൾ മനസ്സിലാകാൻ വേണ്ടിയാണ് ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. പ്രതിഭ ഉണ്ടായതു കൊണ്ടുമാത്രം സൗഭാഗ്യങ്ങൾ കടന്നുവരില്ല എന്ന് ഞാനവനെ ഉപദേശിക്കാറുണ്ട്. കഠിനാധ്വാനവും സമർപ്പണവുമുണ്ടെങ്കിൽ ലോകത്ത് എന്തും നേടാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ ക്രിസ്ത്യാനോ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More