ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് കണ്ടുമുട്ടി; ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിനീതും സൂര്യയും വിവാഹിതരായി

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൻ്റെ സമയത്ത് ദുരിതാശ്വാസ ക്യാമ്പിൽ വെച്ചു കണ്ടുമുട്ടി പ്രണയത്തിലായ വിനീതും സൂര്യയും വിവാഹിതരായി. ഒരു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സൂര്യയെ വിനീത് തൻ്റെ ജീവിത സഖിയാക്കിയിരിക്കുന്നത്. അശോകപുരം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

പ്രളയത്തില്‍ വീടു മുങ്ങി വീട്ടുകാര്‍ക്കൊപ്പം അശോകപുരം സെന്റ് ഫ്രാന്‍സിസ് ഡി അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതായിരുന്നു വിനീത്. ഒരു ദിവസത്തിന് ശേഷം രക്ഷിതാക്കള്‍ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയെങ്കിലും വിനീത് സേവന പ്രവര്‍ത്തനങ്ങളുമായി ക്യാമ്പില്‍ തുടര്‍ന്നു. പിന്നാലെ അതേ ക്യാമ്പില്‍ എആര്‍ ക്യാമ്പില്‍ നിന്ന് സേവന ദൗത്യവുമായി സൂര്യയും എത്തി. അവിടെ വെച്ചാണ് പ്രണയം മൊട്ടിടുന്നത്.

ആലുവ അശോകപുരം കാരിക്കോളില്‍ സോമന്റെയും വിനോദിനിയുടേയും മകന്‍ വിനീതും പാലക്കാട് ചന്ദ്രനഗറില്‍ രാജന്റേയും സുലോചനയുടേയും മകള്‍ സൂര്യയുടേയും ക്യാമ്പിലെ പ്രണയമാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്. കൊച്ചിയില്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ അധ്യാപകനാണ് വിനീത്. പാലക്കാട് എആര്‍ ക്യാമ്പില്‍ സിപിഒ ആണ് സൂര്യ. നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നതിന് അന്‍വര്‍ സാദത്ത് എംഎല്‍എയും ജനപ്രതിനിധികളും എത്തിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top