‘കോടനാട് ചന്ദ്രശേഖരൻ’ ഇനിമുതൽ ‘പീലാണ്ടി ചന്ദ്രു’ !

അട്ടപ്പാടിയിൽ നിന്ന് പിടികൂടി ആനക്കളരിയിൽ എത്തിച്ച ആനയുടെ പേര് തിരുത്തിയ നടപടി വനംവകുപ്പ് റദ്ദാക്കി. ആനയെ ആദിവാസികൾ വിളിച്ചിരുന്നത് പീലാണ്ടി എന്നായിരുന്നു.
അട്ടപ്പാടിയിലെ ആദിവാസികൾ പീലാണ്ടിയെന്ന് പേരിട്ട് വിളിച്ചിരുന്ന കാട്ടാനയെ 2017 മെയ് 30 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വച്ച് പെരുമ്പാവൂരിലെ കോടനാട് ആന പരിപാലന കേന്ദ്രത്തിലെത്തിച്ചത്. പക്ഷേ പീലാണ്ടിയെന്ന പേര് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥർ കോടനാട് ചന്ദ്രശേഖരനെന്ന് പേര് മാറ്റുകയായിരുന്നു. ആനയ്ക്ക് പീലാണ്ടിയെന്ന പേര് അംഗീകരിച്ച് കഴിഞ്ഞ പതിമൂന്നിനാണ് ഉത്തരവിറക്കുന്നത്.
Read Also : പ്രളയത്തിൽ വഴി തെറ്റി ആനക്കുട്ടി; വനപാലകർ രക്ഷപ്പെടുത്തി വിട്ടയച്ചു
ആദിവാസികളുെട ആവശ്യത്തിനൊപ്പം പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത നൽകിയ പരാതിയാണ് വഴിത്തിരിവായത്.
കേശവൻ, ശങ്കരൻ, നന്ദിനി, രാമചന്ദ്രൻ എന്നിവയാണ് സാധാരണഗതിയിൽ ആനകൾക്ക് നൽകുന്ന പേരുകൾ. സർക്കാർ നിയന്ത്രണത്തിലുള്ള കോന്നി, കോടനാട് ആന പരിശീലന കേന്ദ്രത്തിലും, ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ കീഴിലുമുള്ള 70 ൽ അധികം ആനകളുടെ പേരുകളും ഇത്തരത്തിലാണ്. സവർണ്ണാധിപത്യത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് കേരളത്തിലെ ആനകളുടെ പേരുകളിലും കാലങ്ങളായി പ്രതിഫലിക്കുന്നതെന്നായിരുന്നു ബോബന്റെ പരാതി.
2018 ജൂണിൽ നൽകിയ പരാതി ഫോറസ്റ്റ് കൺസർവേറ്റർ തള്ളിക്കളഞ്ഞതോടെ 2019 ജൂലായിൽ പുനഃപരിശോധന ഹർജി നൽകി. ഇത് പരിഗണിച്ചാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനയ്ക്ക് പീലാണ്ടി ചന്ദ്രു എന്ന പേരുനൽകി ഉത്തരവായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here