‘ഈ പാർട്ടിയും ചുവന്ന കൊടിയും എന്നും ആവേശം’; സിപിഐഎം കുടുംബസംഗമത്തിൽ പങ്കെടുത്ത് നവ്യ നായർ

സിപിഐഎം എന്ന പാർട്ടിയും ചുവന്ന കൊടിയും തനിക്കെന്നും ആവേശമെന്ന് നടി നവ്യനായർ. എല്ലാം മറന്ന്, വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ ഈ പാർട്ടിയെയാണ് താൻ ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആത്മാർത്ഥമായ ആഗ്രഹമെന്നും നവ്യ നായർ പറഞ്ഞു. സിപിഐഎം ഗുരുവായൂർ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നവ്യ നായർ.
കമ്മ്യൂണിസത്തെ സംബന്ധിച്ചും മാർക്സിസത്തെക്കുറിച്ചും കൂടുതൽ പറയാനൊന്നും തനിക്കറിയില്ലെന്ന് നവ്യ പറഞ്ഞു. ചുവപ്പുകൊടി ഒരു ആവേശമാണ്. നന്മയ്ക്കു വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്റെ വേദന മനസ്സിലാക്കിയിരുന്ന ആ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വിഷമങ്ങൾ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നവ്യാ നായർ പറഞ്ഞു.
വേദിയിലേക്ക് കയറിവന്ന അമ്മമാരും ചുമട്ടുതൊഴിലാളിയുമെല്ലാം ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അതെല്ലാമാണ് എത്തിക്സ്. അവർ അത് ചെയ്തപ്പോൾ താൻ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും നവ്യ പറഞ്ഞു. തുടർന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യ വേദിയെ തൊട്ടുതൊഴുകയും ചെയ്തു. വേദിയിലുള്ള സഖാക്കൾക്കെല്ലാം ലാൽസലാം പറഞ്ഞാണ് നവ്യ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ കവിത ആലപിക്കണമെന്ന സംഘാടകരുടെ അഭ്യർഥനയെ തുടർന്ന് വീണ്ടും മൈക്കിന് മുന്നിലെത്തിയ നവ്യ വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികൾ ആലപിക്കുകയും ചെയ്തു.
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നവ്യ, ക്ഷേത്രം മാനേജരും സിപിഎം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പി ശങ്കുണ്ണിരാജുമായി സംസാരിക്കുന്നതിനിടെയാണ് കുടുംബസംഗമം നടക്കുന്ന കാര്യം അറിയുന്നത്. തുടർന്ന് കുടുംബസംഗമത്തിൽ പങ്കെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here