‘ഞങ്ങൾക്ക് പറയാനുള്ളത് ഭൂമിയെ സ്‌നേഹിക്കുന്ന മനുഷ്യരോട്; സമൂഹമാധ്യമങ്ങളിൽ കിടന്ന് ഓരിയിടുന്നവരോട് സഹതാപം മാത്രം’: മുഹമ്മദ് റിയാസ്

ആമസോൺ മഴക്കാട് വിഷയത്തിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തെ വിമർശിച്ചവർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ പി എ മുഹമ്മദ് റിയാസ്. ഭൂമിയെ സ്‌നേഹിക്കുന്ന മനുഷ്യ മനസുകളോടാണ് തങ്ങൾക്ക് പറയാനുള്ളതെന്നും സമൂഹമാധ്യമങ്ങളിൽ കിടന്ന് ഓരിയിടുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ തങ്ങൾ പ്രതിഷേധിച്ചു. ഇന്ത്യയിൽ ആദ്യമായി ഈ വിഷയത്തിൽ പ്രതിഷേധിച്ചത് ഡിവൈഎഫ്‌ഐയാണ് .
ഇനിയും ഏതു സംഘടനയും സമാന ചിന്തയോടെ പ്രതിഷേധിച്ചാൽ തങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ. ഏകദേശം 55 ലക്ഷം സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പടർന്നു കിടക്കുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാനായി ഉയരുന്ന നേർത്ത ശബ്ദങ്ങളെ പോലും തങ്ങൾ വിലമതിക്കുന്നുവെന്നും റിയാസ് കുറിച്ചു.

ആമസോൺ വനാന്തരങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാത്തതിൽ ബ്രസീൽ ഗവർമെന്റിനെതിരെ ന്യൂഡൽഹി ബ്രസീൽ എംബസിക്ക് മുന്നിൽ ഞായറാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളിൽ നിലപാട് സ്വീകരിക്കാത്ത സംഘടന ആമസോൺ മഴക്കാടിന് വേണ്ടി പോരാടുന്നത് പരിഹാസ്യമാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആമസോൺ മഴക്കാടിന്റെ തീയണക്കാത്തവരോട് ഡി വൈ എഫ് ഐ പ്രതിഷേധിക്കുമ്പോൾ വാലിനു തീ പിടിച്ചു ഓടുന്നവരോട് ….

-പി.എ മുഹമ്മദ് റിയാസ്-
കത്തിയെരിയുന്ന ആമസോണിനെക്കാൾ വേഗത്തിൽ സംഘപരിവാർ ആശയത്തിൽ അഭയം പ്രാപിക്കുന്ന പ്രസ്ത്ഥാനത്തോട് ഞങ്ങൾക്ക് സഹതാപം മാത്രം …

ഭൂമിയെ സ്‌നേഹിക്കുന്ന മനുഷ്യ മനസ്സുകളോടാണ് ഞങ്ങൾ ഡിവൈഎഫ്‌ഐക്ക് പറയാൻ ഉള്ളത് …

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ ഞങ്ങൾ പ്രതിഷേധിച്ചു. ഇന്ത്യയിൽ ആദ്യമായി ഈ വിഷയത്തിൽ പ്രതിഷേധിച്ചത് ഡിവൈഎഫ്‌ഐ ആണ് .
ഇനിയും ഏതു സംഘടനയും സമാന ചിന്തയോടെ പ്രതിഷേധിച്ചാൽ ഞങ്ങൾക്ക് സന്തോഷം മാത്രം. അത് ഒരാൾ ഒറ്റക്ക് പ്രതിഷേധിച്ചാൽ പോലും.ഏകദേശം 55 ലക്ഷം സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പടർന്നു കിടക്കുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാനായി ഉയരുന്ന നേർത്ത ശബ്ദങ്ങളെ പോലും ഞങ്ങൾ വിലമതിക്കുന്നു.

‘ ഇവിടെയുണ്ട് ഞാൻ എന്നറിയുവാൻ മധുരമായൊരു കൂവൽ മാത്രം മതി ‘ഇത്രപോലും സാധിക്കാതെ സമൂഹമാധ്യമങ്ങളിൽ കിടന്നു ഓരിയിടുന്നവരോട് ഡി വൈ എഫ് ഐക്ക് സഹതാപം മാത്രം.

വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ഡൽഹിയിൽ പല നിയന്ത്രണങ്ങളുമുള്ള മേഖലയിൽ നടക്കുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടി എങ്ങിനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള മിനിമം ജനാധിപത്യ അവകാശം എങ്കിലും ആ സംഘടനക്ക് നിങ്ങൾ വിട്ടു തരിക. ആമസോൺ മഴക്കാടിലെ മനുഷ്യനിർമ്മിത അഗ്‌നിബാധയെ നിയന്ത്രിക്കാത്ത ബ്രസീലിയൻ കോർപ്പറേറ്റ് ഭരണത്തിനെതിരായ പ്രതിഷേധത്തിലെ ആളുകളെ എണ്ണിയെടുത്തവർ ഇന്ത്യയിൽ ആദ്യമായി ആൾക്കൂട്ട കൊലപാതകത്തിലെ ഇരകളുടെ കുടുംബം ഉൾപ്പടെ പങ്കെടുത്ത കൺവൻഷൻ ഒരു മാസം മുൻപ് ഡിവൈഎഫ്‌ഐ മുംബയിൽ വിളിച്ചു ചേർത്തപ്പോൾ ആളുകൾ തിങ്ങിനിറഞ്ഞ പങ്കാളിത്തത്തിന് നിങ്ങൾ മാർക്കിട്ടിരുന്നോ ?.

റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് വേണ്ടി ഡി വൈ എഫ് ഐ ശബ്ദമുയർത്തിയപ്പോളും ഭരണകൂട ഭീകരതയുടെ ഇര സഞ്ജയ് ഭട്ടിന്റെ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോഴും , അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാ ഭട്ട് ഡി വൈ എഫ് ഐ ഓഫിസിൽ വന്നു നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഡി വൈ എഫ് ഐയു മായി യോജിച്ച പോരാടാൻ സന്നദ്ധമായപ്പോഴും നിങ്ങളെയാരെയും കണ്ടില്ലല്ലോ?
പെരുന്നാൾ തലേന്ന് തൊപ്പി വെച്ച് ട്രെയിനിയിൽ സഞ്ചരിച്ചു എന്നു പറഞ്ഞ് സംഘ പരിവാർ ക്രിമിനലുകൾ ഹരിയാനയിലെ ജുനൈദ് എന്ന 16 വയസ്സുകാരനെ തല്ലിക്കൊന്നപ്പോൾ

‘ മുസൽമാനോം കി ദോ ഹിസ്ഥാൻ പാകിസ്ഥാൻ ഓർ കബറിസ്ഥാൻ ‘എന്ന മുദ്രാവാക്യത്തിന്റെ ഇരയാണ് ജുനൈദ് എന്ന് ആർജ്ജവത്തോടെ പറയാൻ മറ്റാര് ഉണ്ടായിരുന്നു ? .
ഇഷ്ടഭക്ഷണം കഴിക്കാൻ ഉള്ള അവകാശം കവർന്നെടുത്ത് ‘തീൻ മേശയിൽ അടിയന്തരാവസ്ഥ ‘ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ നിങ്ങളിൽ എത്ര പേർ തയ്യാറായിരുന്നു ? .

നോട്ടു നിരോധനം എന്ന രാജ്യം കണ്ട മണ്ടൻ തീരുമാനം നടപ്പിലാക്കി ജനങ്ങളോട് സർജിക്കൽ സ്‌ട്രൈക്ക് പ്രഖ്യാപിച്ചവർക്കെതിരെ പ്രക്ഷോഭം നയിച്ചതിനു ജയിൽ വാസം അനുഭവിക്കേണ്ടി വന്നത് തമിഴ്നാട്ടിലെ ഡിവൈഎഫ്‌ഐക്കാർ മാത്രമായിരുന്നു .

ആമസോണിലെ കാട്ടു തീ അണക്കാത്തവർക്കെതിരായി ക്രിസ്റ്റ്യാനോ റൊണാൾഡോ,യുവരാജ് സിങ് തുടങ്ങി കായിക കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ശക്തമായി പ്രതികരിച്ചിട്ടുണ്ട് . ഇന്ത്യയിൽ ഈ വിഷയം ഉയർത്തി ആദ്യം പ്രതികരിച്ചത് ഡി വൈ എഫ് ഐ ആണ് എന്ന വശം കാണാതെ അന്ധമായ ഡി വൈ എഫ് ഐ വിരോധം കൊണ്ട് അന്ധത ബാധിച്ചവരെ,
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പരിസ്ഥിതിയെക്കുറിച്ച് പറഞ്ഞ ഒരു വാചകം ഓർമ്മിപ്പിക്കുകയാണ് .

‘ എല്ലാവരുടെയും ആവശ്യത്തിനു ഉള്ളത് പ്രകൃതിയിൽ ഉണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തിന്നു ഉള്ളത് ഇല്ലതാനും ‘

പരിസ്ഥിതി ലാഭകൊതിയന്മാരായ കോർപറേറ്റുകൾ ചൂഷണം ചെയ്യുമ്പോൾ പ്രതിഷേധിക്കാൻ എങ്കിലും നിങ്ങൾക്ക് ഈ സങ്കുചിത രാഷ്ട്രീയ നിലപാടുകൾ തടസ്സമാവരുത് .

ലാറ്റിനമേരിക്കയിലെ ആമസോൺ കത്തിയാൽ ഇന്ത്യയിലെ ഡി വൈ എഫ് ഐ എന്തിന് പ്രതിഷേധിക്കുന്നു എന്ന് പറയുന്ന പൊട്ടക്കിണറ്റിലെ തവളയുടെ ബുദ്ധിയിൽ പ്രതികരണം നടത്തുന്നവരോട് എന്ത് പറയാൻ …രൂപീകരിച്ച കാലം മുതൽ ഡി വൈ എഫ് ഐ സാർവ്വദേശീയ രംഗത്തെ സംഭവ വികാസങ്ങളോട് എന്നും പ്രതികരിച്ചിട്ടുണ്ട് .

നെൽസൺ മണ്ടേലയെ വെള്ളക്കാരന്റെ ഭരണം ദക്ഷിണാഫ്രിക്കൻ ജയിലിൽ അടച്ചപ്പോൾ
‘ free free nelson mandela’
എന്നു മുദ്രാവാക്യം ഉയർത്തിയ സംഘടനയാണ് ഡി വൈ എഫ് ഐ .
‘എങ്ങു മനുഷ്യൻ ചങ്ങല കൈകളിലങ്ങനെ കയ്യുകൾ നൊന്തീടുകയാ-
ണെങ്ങോ മർദ്ധനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താവുന്നു .’
എന്ന് ആഫ്രിക്ക എന്ന കവിതയിൽ
എൻ വി കൃഷ്ണ വാരിയർ എഴുതിയ വിശ്വമാനവികതയുടെ സർഗ്ഗസൃഷ്ടിയുടെ രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു .
‘ ഇരുണ്ട വൻകര നിറഞ്ഞ് കത്തും
തീപ്പന്തം നീ മണ്ടേല ‘-
എന്ന് യുണിറ്റ് തലം വരെ ഡി വൈ എഫ് ഐയുടെ പ്രവർത്തകർ വിളിച്ചു പറഞ്ഞത് .

സദ്ധാം ഹുസൈൻ എന്ന ഭരണാധികാരിയെ അധിനിവേശ ശക്തികൾ തൂക്കിലേറ്റിയപ്പോൾ ഇന്ത്യൻ തെരുവീഥികളിൽ പ്രതിഷേധത്തിന്റെ തീക്കാറ്റായുയർത്തിയത് ഡി വൈ എഫ് ഐ ആയിരുന്നു.

മെഡിറ്ററേനിയൻ കടൽ തീരത്ത് ലോകമനഃസാക്ഷിയെ പിടിച്ചുലച്ച ഐലൻ കുർദ്ദി എന്ന ബാലൻ മരിച്ചു വിറങ്ങലിച്ച് കമിഴ്ന്നു കിടന്നപ്പോഴും ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീതിജനകമായ ഓർമ്മകൾ ലോകം പുതുക്കുമ്പോഴും ഡി വൈ എഫ് ഐ ചർച്ച ചെയ്തത് യുദ്ധവും പാലായനങ്ങളും അനാഥമാക്കപ്പെടുകയും ഞെരിച്ചു കൊന്നുകളയുകയും ചെയ്ത പിഞ്ചു ബാല്യങ്ങളെയും സാധാരണ മനുഷ്യരെയും പറ്റിയായിരുന്നു .

ഗാസയിൽ സയണിസ്‌റ് ഭീകരതയുടെ പെല്ലറ്റ് ഷെൽ ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ വേട്ടയാടപ്പെട്ടപ്പോൾ കൂറ്റൻ ആയുധ ടാങ്കുകൾക് നേരെ കരിങ്കൽ കഷണങ്ങൾ എടുത്ത് നിൽക്കുന്ന ബാല്യങ്ങൾ തീവ്രവാദികൾ ആണെന്നു പറഞ്ഞവരുടെ കൂടെയായിരുന്നു നിങ്ങളിൽ പലരും .

സെപ്തംബർ 11 ഭീകരാക്രമണത്തിൽ അമേരിക്ക നടുങ്ങി പോയപ്പോൾ ഭീകരതക്ക് എതിരായ നിലപാട് തന്നെയായിരുന്നു ഡി വൈ എഫ് ഐ സ്വീകരിച്ചത് . ഈ കാരണം ചൂണ്ടിക്കാട്ടി എല്ലാ മുസ്ലീങ്ങളും തീവ്രവാദികൾ എന്ന സാമാന്യവൽക്കരണത്തിലേക്ക് സാമ്രാജ്യത്ത്വം അവരുടെ നിർവചനം ചുരുക്കി കൊണ്ട് വന്നപ്പോൾ ‘ തീവ്രവാദത്തിനു മതമില്ല തീവ്രവാദം അത് ഏതുമതത്തിന്റെ പേരിലായാലും മനുഷ്യ വിരുദ്ധമാണ് ‘ എന്ന് പറയാനും ഞങ്ങൾ മടികാണിച്ചിട്ടില്ല .

ഡി വൈ എഫ് ഐയുടെ രാഷ്ട്രീയം സങ്കുചിത ദേശ അതിരുകൾക്കുള്ളിൽ വീർപ്പുമുട്ടുന്നതല്ല . വിശാലമായ ലോകവീക്ഷണങ്ങൾ , വിശ്വമാനവികതയിൽ അധിഷ്ഠിതമായതാണ്. ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളോടും സക്രിയവും സചേതനവുമായ പ്രതികരണങ്ങൾ നടത്തിയ ജീവനുള്ള യുവജനപ്രസ്ഥാനമാണ്
ഡി വൈ എഫ് ഐ എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു . ഇന്ത്യൻ പാർലമെന്റിനെ നോക്കുകുത്തിയാക്കി ഒരു തട്ടു ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ ജനവിരുദ്ധ നിയമങ്ങൾ വളഞ്ഞ വഴിയിൽ പാസ്സാക്കി എടുക്കുമ്പോൾ വർഗ്ഗീയ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന ഒരു ഞരക്കം പോലും പുറപ്പെടുവിക്കാത്തവർ ഡി വൈ എഫ് ഐ പ്രതിഷേധിച്ചു എന്ന് കേൾക്കുമ്പോൾ വാലിന് തീ പിടിച്ച പോലെ പാഞ്ഞു നടക്കുന്നത് എന്തിനാണ് ?.

പ്രകൃതിയെയും മനുഷ്യനെയും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ഭരണത്തിനെതിരെ ശിരസ്സ് കുനിക്കാതെ നട്ടെല്ല് നിവർത്തി നിന്ന് പറയാനുള്ളത് പറഞ്ഞ പ്രസ്ഥാനം തന്നെയാണ്
ഡി വൈ എഫ് ഐ എന്നതിന് നിങ്ങളുടെ സാക്ഷ്യപത്രം ഞങ്ങൾക്ക് ആവശ്യമില്ല .
ലോകത്തിന്റെ ശ്വാസമെരിയുമ്പോൾ , അവിടെ സർക്കാർ നിഷ്‌ക്രിയമാവുമ്പോൾ,
അതിനു പിറകിലുള്ള കോർപ്പറേറ്റ് സാമ്പത്തിക താൽപ്പര്യങ്ങൾ പരസ്യപ്പെടുമ്പോൾ,
ലോകത്തിലെ മനഃസാക്ഷിയുള്ള മുഴുവൻ മനുഷ്യരും അതിനൊരു പ്രതികരണവുമായി രംഗത്ത് ഇറങ്ങും. അതുകൊണ്ട് തന്നെ നിശബ്ദ്ധരാവാൻ ഞങ്ങൾക്ക് മനസ്സില്ല.

വിമർശിച്ചവരോടും കൂടെ നിന്നവരോടും മനസ് തന്നവരോടും ഞങ്ങൾക്ക് നന്ദി മാത്രം. ”ഇനിയും മരിക്കാത്ത ഭൂമിയെ കൊല്ലാനിറങ്ങിയ ലാഭക്കൊതിയൻമാർ ക്കെതിരെ സമാനമനസ്‌ക്കരുമായി കൈകോർക്കാൻ ഉഥഎകക്ക് നിറഞ്ഞ സന്തോഷം മാത്രം ‘
നന്ദി …

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top