പൂനെ സിറ്റിക്ക് പൂട്ടു വീണു; പുതിയ ക്ലബിന്റെ ഉടമകളിൽ ഒരാളായി ബ്ലാസ്റ്റേഴ്സ് മുൻ സിഇഒ വരുൺ ത്രിപുരനേനിയും

പൂനെ സിറ്റി എഫ്സി ഇനി ഐഎസ്എല്ലിൽ നിന്നു പുറത്ത്. ഈ സീസണിൽ പുതിയ ഉടമകൾക്കു കീഴിലാവും ക്ലബ്. ഹൈദരാബാദ് ആസ്ഥാനമാക്കിയാവും ഈ ക്ലബ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനി, തെലുങ്ക് ബിസിനസ് വമ്പൻ വിജയ് മാധുരി എന്നിവരാണ് പുതിയ ക്ലബിൻ്റെ ഉടമകൾ.
കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് പൂനെ സിറ്റി കടന്നു പോകുന്നത്. ഇതിനിടെ അവർക്ക് ട്രാൻസ്ഫർ വിലക്കും ലഭിച്ചു. ഈ സമ്മർദ്ദങ്ങൾക്കു നടുവിലാണ് ക്ലബ് പിരിച്ചു വിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്.
ത്രിപുരനേനി അടക്കമുള്ള ഉടമകൾ പൂനെയിൽ നിന്നും ക്ലബ് വാങ്ങുകയല്ല. മറിച്ച്, ഹൈദരാബാദ് കേന്ദ്രീകരിച്ച് പുതിയ ക്ലബ് ആരംഭിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവർക്ക് ട്രാൻസ്ഫർ വിലക്കും ബാധകമല്ല. പൂനെ സിറ്റിയിൽ ഉണ്ടായിരുന്ന താരങ്ങൾ പുതിയ ക്ലബിലും ഉണ്ടാവുമെന്നാണ് വിവരം. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ഉടൻ വരുമെന്നാണ് കരുതപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here