Advertisement

സഹകരണ വകുപ്പ് നിർമിച്ച വീടിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നൽകി ബിജെപി നേതാവ്; തൊലിക്കട്ടി സമ്മതിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

August 27, 2019
1 minute Read

സഹകരണ വകുപ്പ് നിർമിച്ച വീട് പ്രധാനമന്ത്രി ആവാസ് യോജന വഴി നിർമിച്ചതാണെന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാക്കളെ കടന്നാക്രമിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പഴമ്പുള്ളിയിൽ ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീട്, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയതാണെന്ന ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് മന്ത്രി രംഗത്ത് വന്നത്.

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 95100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സർവീസ് കോ ഓപറേറ്റീവ് ബാങ്ക് നിർമിച്ചതാണ് വീടെന്ന് മന്ത്രി കുറിച്ചു. കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച 1169ആമത്തെ വീടാണ് ചന്ദ്രികയുടേത്. ഈ വീടിന്റെ താക്കോൽ ദാനം അന്ന് എംപിയായിരുന്ന എം.ബി. രാജേഷാണ് നിർവഹിച്ചത്.

സഹകരണ വകുപ്പ് നിർമിച്ച് താക്കോൽ കൈമാറിയ വീട് സി കൃഷ്ണകുമാർ പിന്നെയും പോയി താക്കോൽ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണ്. ഇത്രയും പോരാഞ്ഞിട്ട് ഇത് ചിത്രമെടുത്തു സ്വന്തം ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിക്കുവാനും പത്രത്തിൽ വാർത്തയായി കൊടുക്കുവാനുമുള്ള തൊലിക്കട്ടി കാണിച്ചു എന്നത് ബോധം ഉള്ള ആരെയും അമ്പരപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഭാവി ദീർഘവീക്ഷണത്തിലൂടെ കണ്ട് കഥയെഴുതാൻ! നല്ല എഴുത്തുകാർക്ക് കഴിയും എന്ന് കേട്ടിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രസിദ്ധ കഥാപാത്രത്തെ എഴുതുമ്പോൾ ബഷീറും അങ്ങനെ ഭാവി കണ്ടിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പദ്ധതികൾക്ക് എല്ലാം ‘പ്രധാനമന്ത്രി’ ‘യോജന’ എന്നീ വാക്കുകൾ ചേർത്ത് പുതിയ പേരിട്ടു ക്രെഡിറ്റ് അടിച്ചു മാറ്റുന്ന ബി ജെ പി നേതാക്കളെയും അണികളെയും മനസ്സിൽ കണ്ടാകും ബഷീർ ആ കഥാപാത്രത്തെ നിർമിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പഴമ്പുള്ളിയിൽ ശ്രീമതി ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ വീട് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയത് ആണെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 95100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സർവീസ് കോ ഓപറേറ്റീവ് ബാങ്ക് നിർമിച്ചതാണ് ഈ വീട്. കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച 1169ആമത്തെ വീടാണ് ചന്ദ്രികയുടേത്. ഈ വീടിന്റെ താക്കോൽ ദാനം അന്ന് എംപിയായിരുന്ന ശ്രീ എം.ബി. രാജേഷ് ആണ് നിർവഹിച്ചത്.

സഹകരണ വകുപ്പ് നിർമിച്ചു താക്കോൽ കൈമാറിയ വീട് ബി ജെ പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുൻസിപ്പൽ ഡെപ്യൂട്ടി ചെയർമാനും ആയ സി കൃഷ്ണകുമാർ പിന്നെയും പോയി താക്കോൽ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണ്. ഇത്രയും പോരാഞ്ഞിട്ട് ഇത് ചിത്രമെടുത്തു സ്വന്തം ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിക്കുവാനും പത്രത്തിൽ വാർത്തയായി കൊടുക്കുവാനുമുള്ള തൊലിക്കട്ടി കാണിച്ചു എന്നത് ബോധം ഉള്ള ആരെയും അമ്പരപ്പിക്കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top