‘മോദി സ്തുതി’; ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടി

മോദി സ്തുതിയിൽ ശശി തരൂരിനോട് വിശദീകരണം തേടി കെപിസിസി. മോദിയെ പ്രകീർത്തിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും നടപടി പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്തതിനാണ് പാർട്ടി ശശി തരൂർ എം പിയോട് വിശദീകരണം തേടിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യം ഗുരുതര പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ മോദിയെ ന്യായീകരിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് കെപിസിസി വിലയിരുത്തി. പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തതാണ് നടപടി. തരൂരിന്റെ നടപടിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് വേദനയും പ്രതിഷേധവുമുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തരമായി വിശദീകരണം നൽകണമെന്നുമാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് സ്വീകരിച്ച അവസര സേവകർ പാർട്ടിക്ക് ബാധ്യതയായ ചരിത്രമാണുളളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ തുറന്നടിക്കുകയും ചെയ്തു

അതിനിടെ, നിലപാട് ആവർത്തിച്ചും വിവാദത്തിൽ വിമർശകരെ പരിഹസിച്ചും ശശി തരൂർ വീണ്ടും രംഗത്തെത്തി. തന്റെ പ്രസ്താവനകളെ വളച്ചൊടിച്ച് മോദി സ്തുതിയായി വ്യാഖ്യാനിക്കുകയായിരുന്നു. മോദിയുടെ കടുത്ത വിമർശകൻ തന്നെയാണ് താൻ. ക്രിയാത്മക വിമർശനമാണത്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കിലും സഹപ്രവർത്തകരായ കോൺഗ്രസ് പ്രവർത്തകർ തന്റെ സമീപനത്തെ ബഹുമാനിക്കണമെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. വിശദീകരണത്തിന് തരൂർ നൽകുന്ന മറുപടി സംസ്ഥാനഘടകം ഹൈക്കമാൻഡിന് കൈമാറും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More