‘ഇതെന്റെ അവസാന ചിത്രമായിരിക്കും, രണ്ട് മാസം ഗർഭിണിയാണ്; മരിക്കുന്നതിന്റെ തലേദിവസം സൗന്ദര്യ പറഞ്ഞു’
രണ്ട് മലയാള ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സൗന്ദര്യ. 2004 ൽ വിമാന അപകടത്തിൽ സൗന്ദര്യ വിട പറഞ്ഞു. താര സൗന്ദര്യം വിട പറഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ സൗന്ദര്യയെ ഓർമിക്കുകയാണ് സംവിധായകൻ ആർ വി ഉദയകുമാർ. തണ്ടഗൻ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സൗന്ദര്യയെക്കുറിച്ച് ഉദയകുമാർ വികാരഭരിതനായത്.
തണ്ടഗനിലെ നായിക ദീപ പുതുമുഖ സംവിധായകനായ കെ മഹേന്ദ്രനെ അച്ഛൻ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ചടങ്ങിൽ അതിഥിയായെത്തിയ ഉദയകുമാർ ഇത് ചൂണ്ടിക്കാട്ടിയാണ് സൗന്ദര്യയെക്കുറിച്ച് പരാമർശിച്ചത്. വേദിയിൽ സംസാരിക്കുന്നതിനിടെ ദീപ സംവിധായകൻ മഹേന്ദ്രയെ അച്ഛൻ എന്ന് അഭിസംബോധന ചെയ്തതിൽ താൻ വളരെയധികം സന്തോഷിക്കുന്നുവെന്ന് ഉദയകുമാർ പറഞ്ഞു. ഇതിനൊപ്പം തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് ഉദയകുമാർ സൗന്ദര്യയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്.
തനിക്കൊരു കാര്യം പറയാനുണ്ടെന്ന മുഖവരയോടൊണ് ഉദയകുമാർ പറഞ്ഞു തുടങ്ങിയത്. പറയാൻ പോകുന്ന കാര്യങ്ങൾ താൻ മറ്റെവിടെയും പറഞ്ഞിട്ടില്ലെന്നും ഉദയകുമാർ പറഞ്ഞു. സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്നത് താനാണ്. തന്റെ ‘പൊന്നുമണി’ എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ സിനിമയിലേക്ക് എത്തിയത്. ആദ്യമൊക്കെ സൗന്ദര്യ തന്നെ ‘അണ്ണാ’ എന്നായിരുന്നു വിളിച്ചിരുന്നത്. അതിൽ താൻ അതൃപ്തനായിരുന്നു. മറ്റുള്ളവരുടെ മുന്നിൽവച്ച് സർ എന്ന് വിളിക്കണമെന്ന് പറയുകയും ചെയ്തു.
എന്നാൽ അധികം വൈകാതെ താനവരെ സഹോദരിയായി കണ്ടു തുടങ്ങി. അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. തന്നോട് പ്രത്യേക ആദരവും സ്‌നേഹവും അവർക്കുണ്ടായിരുന്നു. പൊന്നുമണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് താനവരെ റെക്കമൻഡ് ചെയ്തത്. അതിനുശേഷം അവർ വലിയ താരമായി മാറി.
സൗന്ദര്യ തന്നെ ഗൃഹപ്രവേശത്തിനും ക്ഷണിച്ചിരുന്നു. തനിക്കു പോകാനായില്ല. വിവാഹത്തിനും വിളിച്ചു. നിർഭാഗ്യവശാൽ അതിനും പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവർ എന്നെ ഒരു ദിവസം വിളിച്ചു. ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും ഇനി താൻ അഭിനയിക്കുന്നുണ്ടാവില്ലെന്നും സൗന്ദര്യ പറഞ്ഞു. രണ്ടുമാസം ഗർഭിണിയാണെന്നും അവർ പറഞ്ഞിരുന്നു. അന്ന് തന്നോടും ഭാര്യയോടും അവർ ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും ഉദയകുമാർ ഓർത്തു.
അടുത്ത ദിവസം രാവിലെ 7.30ന് ടിവി വച്ചപ്പോൾ അവർ അപകടത്തിൽ മരണപ്പെട്ട വിവരമാണ് അറിഞ്ഞത്. അത് വലിയ ഞെട്ടലുണ്ടാക്കി. അവർ ക്ഷണിച്ച ഒരു ചടങ്ങിനും തനിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാരച്ചടങ്ങിനാണ് താൻ പോകുന്നത്. താൻ അവരുടെ വീട്ടിൽ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോൾ തന്റെ വലിയൊരു ചിത്രം ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. അത് കണ്ട് തനിക്ക് കരച്ചിലടക്കാനായില്ലെന്നും ഉദയകുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here