ആറാം നിലയിലെ ബാൽക്കണിയിൽ തലകീഴായി യോഗാഭ്യാസം; 80 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് പരുക്ക്

ആറാം നിലയിലെ ബാൽക്കണിയിൽ തലകീഴായി തൂങ്ങി യോഗാഭ്യാസം നടത്തിയ യുവതി 80 അടി താഴ്ചയിലേക്ക് വീണു. മെക്‌സിക്കോയിലെ സാൻ പെഡ്രോയിലാണ് സംഭവം. അലെക്‌സ ടെറാസ(23) എന്ന യുവതിയാണ് യോഗാ പ്രകടനത്തിനിടെ അടിതെറ്റി താഴെ വീണത്. ഗുരുതര പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അലെക്‌സ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അലെക്‌സ താഴേക്ക് വീഴുന്നതിന് തൊട്ടുമുമ്പ് സുഹൃത്താണ് ഈ ചിത്രം പകർത്തിയത്. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ സംഭവം റിപ്പോർട്ട് ചെയ്തു.

അലെക്‌സയെ 11 മണിക്കൂർ നീണ്ട റീ കൺസ്ട്രക്ടീവ് സർജറിക്ക് വിധേയയാക്കി. യുവതിയുടെ 110 എല്ലുകൾ തകർന്നതായാണ് റിപ്പോർട്ട്. രണ്ട് കാലുകളും കൈകളും ഒടിഞ്ഞിട്ടുണ്ട്. ഇടുപ്പിലും തലയിലും പൊട്ടലുകളുണ്ട്. മൂന്ന് വർഷത്തേയ്‌ക്കെങ്കിലും അലെക്‌സയ്ക്ക് നടക്കാൻ കഴിയില്ല എന്നാണ് ഡോക്ടർമാരുടെ നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top