അനശ്വര രാജൻ തമിഴിൽ അരങ്ങേറുന്നു; ആദ്യ ചിത്രം തൃഷയോടൊപ്പം

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കീർത്തിയെ അവതരിപ്പിച്ച അനശ്വര രാജൻ തമിഴ് സിനിമയിൽ അരങ്ങേറുന്നു. തൃഷ നായികയാവുന്ന ‘രാങ്കി’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. തൃഷയ്ക്കൊപ്പമുള്ള അനശ്വരയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Read Also: ‘ചെയ്യണ്ട എന്ന് തീരുമാനിച്ച സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ’; അനശ്വര രാജനുമായി പ്രത്യേക അഭിമുഖം
എ.ആര്‍ മുരുഗദോസ് തിരക്കഥയൊരുക്കുന്ന രാങ്കി ആക്ഷന്‍ ത്രില്ലർ വിഭാഗത്തിലുള്ളതാണ്. എങ്കെയും എപ്പോതും, ഇവൻ വേറ മാതിരി തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ തീയറ്ററിലെത്തുമെന്നാണ് വിവരം. ചിത്രത്തിലെ മറ്റു താരങ്ങൾ ആരെന്ന് അറിവായിട്ടില്ല.
തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. സ്കൂൾ കാലഘട്ടവും നിഷ്കളങ്കമായ പ്രണയവുമെല്ലാം ആവിഷ്കരിച്ചിരിക്കുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരുടെയും കൈയ്യടി നേടിയെടുത്തു. ചിത്രത്തിൽ കീർത്തിയായെത്തിയ അനശ്വര രാജന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്തിടെ 50 കോടി ക്ലബിലെത്തിയ ചിത്രം ജിസിസിയിലും നേട്ടമുണ്ടാക്കി. 1.75 കോടി രൂപ മുടക്കി നിർമ്മിച്ച ചിത്രമാണ് 50 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നു വാരിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here