പാലാ ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പന്റെ പേര് ഇന്ന് പ്രഖ്യാപിക്കും

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി.സി.കാപ്പന്റെ പേര് ഇന്നു പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സി.പി.ഐ.എം, സി.പി.ഐ, എൻ.സി.പി നേതൃയോഗങ്ങളും ഇന്ന് തിരുവനന്തപുരത്തു നടക്കും. എ.കെ.ജി സെന്ററിൽ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം
അടുത്തമാസം 23നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പി തന്നെ മൽസരിക്കുമെന്നാണ് ഇടതുനേതാക്കൾ നൽകുന്ന സൂചന. എത്രയുംവേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണരംഗത്ത് സജീവമാകാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കേരളാ കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇതുവഴി കൃത്യമായ മേൽക്കൈ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാവിലെ പതിനൊന്നിനാണ് എൻ.സി.പി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം.
Read Also : ഉപാധികൾ അംഗീകരിക്കാതെ പാലായിൽ നിഷയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി.ജെ ജോസഫ്
അട്ടിമറികളുണ്ടായില്ലെങ്കിൽ മാണി.സി.കാപ്പന്റെ പേരിന് യോഗം അംഗീകാരം നൽകും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരിക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റേയും സി.പി.ഐ സംസ്ഥാന നിർവാഹകസമിതിയുടേയും മുഖ്യഅജണ്ട. മണ്ഡലത്തിൽ ഇതിനോടകം തന്നെ നടത്തിയ പ്രവർത്തനങ്ങൾ ഇരുപാർട്ടികളും അവലോകനം ചെയ്യും. വൈകിട്ട് ഇടതുമുന്നണി യോഗത്തിൽ എൻ.സി.പിക്ക് പാലാസീറ്റ് നൽകാനുള്ള തീരുമാനമുണ്ടായാൽ, സ്ഥാനാർഥി പ്രഖ്യാപനം വൈകില്ല. കഴിഞ്ഞ തവണ അയ്യായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷത്തിനാണ് മാണി.സി.കാപ്പൻ, കെ.എം.മാണിക്കുമുന്നിൽ അടിയറവ് പറഞ്ഞത്.
ഇത്തവണ കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൾ കൂടിയാകുമ്പോൾ വിജയിക്കാനാവുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് കൺവെൻഷന്റെ തീയതിയും പ്രചരണപരിപാടികളും മുന്നണി യോഗം തീരുമാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here