Advertisement

ഹൊറർ സിനിമകളുടെ അടിസ്ഥാന അസ്തിത്വം; അബ്രഹാമിക് മതങ്ങൾ തകർത്തെറിഞ്ഞ ‘പേഗൻ’ സംസ്കാരം തിരികെയെത്തുന്നു

August 28, 2019
Google News 10 minutes Read

ഇന്ന് യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ വൻ തോതിലുള്ള പുതിയ ഒരു റിലീജിയസ് മൂവ്മെന്റ് സംഭവിക്കുന്നുണ്ട്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ തിന്ന് തീർക്കുക എന്ന ലോക നിയമത്തിന്റെ മുന്നിൽ അങ്ങനെ ഇല്ലായ്മ ചെയ്യപ്പെടുകയോ യാഥാര്‍ത്ഥ്യത്തിൽ നിന്നും ഒളിച്ചോടി പോകുകയും പിന്നെ നൂറ്റാണ്ടുകളുടെ പീഡനങ്ങൾക്കും കള്ള കഥകൾക്കും അവസാനം ഒരു വിപ്ലവം പോലെ തിരിച്ചു വരുന്നതുമായ ഒരു സംസ്കാരത്തിന്റെ പേരാണ് “പേഗൻ”.

പേഗൻ എന്നാൽ, ക്രിസ്ത്യൻ മിഷനറികളുടെ തുടക്കത്തിനും മുൻപ് നിലനിന്നിരുന്ന ഒത്തിരി കുഞ്ഞു മതങ്ങളുടെ ഒരു കൂട്ടായ്മയെ വിളിക്കുന്ന term ആണ്. Hellenism, Druidry, Heathenry അങ്ങനെ അടങ്ങുന്ന ഒരു ചെറിയ കൂട്ടങ്ങൾ ആയിരുന്നു യൂറോപ്പിലെ പേഗനിസത്തിന്റെ അംഗങ്ങൾ.

അങ്ങനൊക്കെ ആണെങ്കിലും ലോക സിനിമ ചരിത്രത്തിൽ പേഗൻ എന്ന മതത്തിന് വലിയ സ്ഥാനം ഉണ്ട്. അതായത്, ഹൊറർ സിനിമയുടെ അടിസ്ഥാന അസ്തിത്വം എല്ലാം തന്നെ വരുന്നത് പേഗൻ എന്ന മതത്തെ / ആ വിഭാഗത്തെ വിറ്റ പണം കൊണ്ടാണെന്നു പറയാം. പേഗൻ എന്നാൽ ഭൂരിപക്ഷ സമൂഹത്തിൽ നിന്നും കുറേകൂടി അജ്ഞാതമായതും അത് വളരെ ക്രൂരവും വന്യത നിറഞ്ഞതും ആണെന്ന് പറഞ്ഞു ഒപ്പിക്കാൻ യൂറോപ്പിലെ വലിയൊരു സമൂഹം ശ്രമിച്ചിട്ടുണ്ട്. അത് അവരുടെ ആവിശ്യം കൂടെ ആയിരുന്നു. അതിൽ നിന്നും ഉണ്ടായിട്ടുള്ള പൊതുബോധത്തിന്റെ കാഴ്ചപ്പാടുകൾ പേഗനിസത്തിനു ഒരു ഭീകരരൂപം നൽകാൻ വളരെ പെട്ടെന്ന് സാധിച്ചു.

witchcraft, ആഭിചാരം എന്ന ഒറ്റ വാക്കുകൊണ്ട് പേഗൻ എന്ന സംസ്കാരത്തെ കുറിച്ചുള്ള ലോക കാഴ്ചപ്പാട് സിനിമയും സാഹിത്യകാരന്മാരും മാറ്റി എന്നതാണ് സത്യം. പേഗൻ ജനത പ്രകൃതിയെ ആരാധിച്ചിരുന്നത് വന്യമായ കാടുകൾ പ്രാർത്ഥനാലയങ്ങൾ ആക്കികൊണ്ടായിരുന്നു, പ്രകൃതി അവർക്കു ദൈവം ആയിരുന്നു, അവരിൽ തന്നെ ബഹുദൈവ വിശ്വാസികളും, അദ്വൈതവാദികളും, ഏക ദൈവ വിശ്വാസികളും എല്ലാം ഉണ്ടായിരുന്നു. എന്നാൽ അബ്രഹാമിക് മതങ്ങളുടെ വളർച്ചയിൽ പേഗനിസത്തിനു ഭീകരമായ ഒരു പരിവേഷം ആണ് ഉണ്ടായത്. അത് വൈകാതെ ആ ജനതയുടെ നിലനില്പിനെ തന്നെ ബാധിച്ചു.

മധ്യകാല യൂറോപ്പിൽ പിന്നീട് സംഭവിച്ചത് മനുഷ്യകുരുതിയുടെ കാലങ്ങൾ ആയിരുന്നു. മന്ത്രവാദവും ആഭിചാരവും ചുമത്തി ജീവനോടെ കത്തിച്ചും തൂക്കിൽ ഏറ്റിയും ഒത്തിരി മനുഷ്യന്മാരെ ഇല്ലാതാക്കി. അതിൽ കൂടുതലും സ്ത്രീകൾ തന്നെ ആയിരുന്നു. ദൈവത്തിന്റെ അസ്തിത്വം ചോദ്യം ചെയ്ത സ്ത്രീകളെ എല്ലാം ഇങ്ങനെ അവസാനിപ്പിക്കാൻ അന്നത്തെ ഭരണകൂടത്തിന് എളുപ്പം സാധിച്ചു. അവർക്ക് സമൂഹം ഒരു ഓമനപ്പേരും ഇട്ടു കൊടുത്തു : Witch (മന്ത്രവാദിനി). അതിനു ശേഷം witch trials വരെ സാധാരമായ ഒന്നായി അവിടെ മാറി.

അതിൽ തന്നെ വളരെ അധികം പ്രശസ്തി വന്ന ഒരു വിചാരണ ആയിരുന്നു salem witch trials. 1692 ഫെബ്രുവരി തൊട്ടു 1693 മെയ്‌ മാസം വരെ ഉള്ള കാലയളവിൽ 200 പേരെ കുറ്റം ചുമത്തുകയും അതിൽ 19 പേരെ കൊല്ലുകയും ചെയ്തു. അന്ന് അവിടെ വസൂരിയും അപസ്മാരവും ഉണ്ടാവാൻ കാരണം witches ആണെന്ന് ആയിരുന്നു അവർ കണ്ടെത്തിയത്.

Pagan witchcraft-നെ കുറിച്ച് സംസാരിക്കുമ്പോൾ പറയേണ്ട മറ്റൊരു പേഗൻ മതം ആണ് വിക്കാ (Wicca). ബ്രിട്ടീഷ് കൊളോണിയൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനും, ആന്ത്രോപോളജിസ്റ്റ് അർച്ചെയോളോജിസ്റ്റ് എല്ലാം ആയിരുന്ന ജറാൾഡ്‌ ഗാർഡ്നർ തന്റെ വിശ്രമജീവിതത്തിന്റെ ഇടയിൽ Wicca-യെ കുറിച്ച് അറിയുകയും പിന്നീട് അത് പുനർസൃഷിക്കാനും ശ്രമിച്ചു. ഹിപ്പി മൂവ്മെന്റിന് എല്ലാം തുടക്കം കുറിച്ച 1960’സിൽ തന്നെ പുതിയ പേഗനിസവും വലിയ വാർത്തയായി. അങ്ങനെ പുതിയ പേഗനിസത്തെ ‘contemporary പേഗനിസം’ എന്നും ‘നിയോ പേഗനിസം’ എന്നൊക്കെ വിളിച്ചു. ഈ നിയോ പേഗനിസത്തിൽ തന്നെ Heathenry, New wave, Shamanism, Druid തുടങ്ങിയ മതങ്ങളും ഉണ്ടായിരുന്നു. എന്തായാലും ആ കാലത്ത് ജറാൾഡ്‌നെ ആദ്യത്തെ സെലിബ്രിറ്റി വിച്ച് എന്നും ബ്രിട്ടൻ വിക്കാ മാൻ എന്നൊക്കെ അറിയപ്പെടാൻ തുടങ്ങി.

ഈ ആഭിചാര ക്രിയകൾ കൊണ്ട് മാന്ത്രിക തന്ത്രങ്ങൾ പഠിക്കുകയും ലോകത്തിന്റെ രഹസ്യങ്ങൾ അറിയാൻ സാധിക്കും എന്നൊക്കെ ജറാൾഡ്‌ വിശ്വസിച്ചിരുന്നു. പൂർണമായി നഗ്നരായി വന്യമായ കാട്ടിൽ പേഗനിസത്തിന്റെ ഏറ്റവും ഫേമസ് ആയിട്ടുള്ള പഞ്ചകോണത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നതും കൈകൾ കൂട്ടിപിടിച്ചുകൊണ്ടു ഡാൻസ് കളിക്കുന്നതുമൊക്കെ ആയിരുന്നു അവരുടെ രീതികൾ.

1970 ആയപ്പോഴേക്കും പേഗൻ, വിക്കാ ഇതിലുള്ള ഹൊറർ സാധ്യത സിനിമാ മേഖല നല്ല രീതിക്ക്‌ മനസിലാക്കുകയും ഉപയോഗിക്കാനും തുടങ്ങി. പിന്നീട് നടന്നത് മധ്യ യൂറോപ് കാലത്ത്‌ ക്രിസ്ത്യൻ മിഷനറി അക്രമിച്ചതുപോലെ ഒരു സിനിമ ആക്രമണം ആണ് പേഗനിസം നേരിട്ടത് എന്ന് പറയാം. Häxan (1922), The Golem (1920) ഇതൊക്കെ ആദ്യമേ സംഭവിച്ച സിനിമകൾ ആണേലും ഇറ്റാലിയൻ ഹോറർ സിനിമയുടെ യുഗത്തിൽ ബ്രിട്ടീഷ് സിനിമകൾ കൂടുതലും പേഗൻ എന്നാൽ ചെകുത്താൻ സേവ മാത്രം ചെയ്യുന്ന ആഭിചാര ക്രിയകൾ കൊണ്ട് മനുഷ്യനെ ദ്രോഹിക്കുന്ന ഒരു സമൂഹം ആണെന് പറഞ്ഞു പരത്താൻ ശ്രമിച്ചു. അതിൽ തന്നെ ritual എന്ന നോവലിനെ അടിസ്ഥാമാക്കി 1973-ൽ റോബിൻ ഹാൻഡി സംവിധാനം ചെയ്ത The wicker Man വലിയ വിജയം ആവുകയും അതിന്റെ പുറകെ അതുപോലത്തെ ഒത്തിരി സിനിമകൾ പിന്നീട് സംഭവിക്കുകയും ചെയ്തു. Eye of the devil (1967), The blood on satan’s claw (1971), The devil rides out (1968), Witchfinder general (1968 ), Valeri and her week of wanders (1970 ), Viy (1967) തുടങ്ങിയവ അന്നത്തെ പേഗൻ വിപ്ലവത്തിന്റെ ഒഴുക്കിൽ സംഭവിച്ച നല്ല സിനിമകൾ തന്നെ ആയിരുന്നു. ഇതിൽ തന്നെ Valeri and her week of wanders വളരെ മികച്ച ഒരു സിനിമ അനുഭവം ആണ്. ഹൊറർ അല്ലാത്ത സിനിമകളും പേഗൻ ഒരു വിഷയം ആയിട്ടുണ്ട് അതിൽ ഒന്നാണ് ബെർഗ്മാൻ സംവിധാനം ചെയ്ത The virgin Spring.

Wicca-യുടെ പിതാവ് ജറാൾഡ്‌ ഗാർഡ്നർ ഒരു എഴുത്തുകാരൻ കൂടെ ആയിരുന്നു. തന്റെ പഠനങ്ങളുടെയും അനുഭവങ്ങളുടെയും മന്ത്രവാദത്തിന്റെ രഹസ്യങ്ങൾ എല്ലാം ചേർത്തുകൊണ്ട് അദ്ദേഹം പല പുസ്തങ്ങൾ രചിച്ചിരുന്നു. അതിൽ ‘High magic’s aid’ എന്ന നോവൽ വളരെ അധികം ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു (ഇന്റർനെറ്റിൽ ലഭ്യം ആണ്). പിന്നീട് കുറെ കൂടി രഹസ്യ സ്വഭാവമുള്ള മാജിക്‌ പരീക്ഷണങ്ങളെ കുറിച്ചുള്ള ഒരു പുസ്തകം ആയിരുന്നു ‘The book of shadow’. ഇപ്പോഴും ആ ബുക്ക്‌ സ്പെയിൻ ഒരു ബാങ്കിൽ വളരെ രഹസ്യമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്..!!

ലോകത്തിലെ പോലെ ഇന്ത്യയിലും പേഗൻ സംസ്കാരം ഉണ്ടായിരുന്നു. ഹിന്ദു മതത്തിൽ തന്നെ പേഗനിസത്തിന്റെ സാധ്യതകൾ ഒത്തിരിയുണ്ട് പ്രകൃതി ആരാധന, ബഹുദൈവങ്ങൾ, മൃഗ രൂപങ്ങളുള്ള ദൈവങ്ങൾ എല്ലാം. പക്ഷേ ഹിന്ദു മതം ഒരു പേഗൻ അല്ല എന്ന് തന്നെ പറയാം. ഒരു പക്ഷേ സൗത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന ആദിദ്രാവിഡ ഗോത്രങ്ങൾ ആയിരിക്കണം നമ്മുടെ പേഗനിസത്തിന്റെ ഭാഗം. ഹിന്ദു ദൈവങ്ങളിൽ നെഗറ്റീവ് ഗോഡ് എന്നൊരു കോണ്സപ്റ്റ് പേഗനിസത്തിൽ നിന്നും എടുത്ത ദൈവ സങ്കല്പങ്ങൾ ആയിരിക്കണം.

ഉരുളൻ കല്ലുകൾ വീടിനു മുകളിൽ വീഴുന്നത് കണ്ട്‌ പേടിച്ചു ഇരിക്കുന്ന ഒരു അമ്മുമ്മയുടെ രംഗം ഉണ്ട് ഹരിഹരൻ – M.T- യുടെ കൂട്ടുകെട്ടിൽ പിറന്ന ‘എന്ന്‌ സ്വന്തം ജാനകിക്കുട്ടിയിൽ’. അങ്ങനെയും ഒരു വിശ്വാസം ഇവിടെ ഉണ്ടായിരുന്നു. തങ്ങളെ ആക്രമിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത്‌ വളരെ നെഗറ്റീവ് പവർ ആയ കുട്ടിച്ചാത്തൻ ആണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. ആ ഭീകരത മാറ്റിയതിന് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയുടെ പങ്ക്‌ വളരെ വലുതായിരുന്നു. കരിംകുട്ടി ചാത്തൻ എന്നൊക്കെയുള്ള സങ്കല്പങ്ങൾ എങ്ങനെ ആഭിചാരങ്ങൾക്കും ശത്രു നാശത്തിനൊക്കെ ഉപയോഗിക്കുന്ന നെഗറ്റീവ് ദൈവങ്ങൾ ആണെന്ന കാഴ്ചപ്പാടുകൾ ഉണ്ടായത് അവർ പേഗനിസത്തിന്റെ ഭാഗം ആയതുകൊണ്ടാവാം.

ലൂസിഫർ വന്നതിന് ശേഷം illuminati, new world order, ചെകുത്താൻ സേവ എന്നിവയൊക്കെ വലിയ കഥകൾ ആയപ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ എറിഞ്ഞ കല്ലിൽ കുറച്ചൊക്കെ കൊണ്ടത് ഈ പേഗനിസത്തിൽ തന്നെ ആയിരുന്നു. അവരുടെ ആചാരങ്ങൾ സത്യത്തിൽ ചെകുത്താൻ സേവ ആയിട്ടൊന്നും ഒരു ബന്ധവുമില്ല എന്നതാണ് സത്യം. Wicca പോലും ഇപ്പോൾ നഗ്നമായ നൃത്തം ചെയ്യുന്ന സമ്പ്രദായം ഇല്ല, അവർ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തി ശാന്തമായി പ്രകൃതിയെ പ്രാർത്ഥിക്കുന്നു. ഇപ്പോൾ പേഗനിസത്തിലേക്ക്‌ കടന്നുവരുന്നവർ നിരീശ്വരവാദികൾ ആയതുകൊണ്ട് ചെകുത്താൻ പ്രർത്ഥന ചെയ്യുന്നവർ ഒട്ടും തന്നെ ഇല്ല എന്ന് പറയാൻ പറ്റില്ല; കാരണം, അമേരിക്കയിലൊക്കെ പേഗനിസം വൻ വിജയം ആയിരുന്നു. പക്ഷേ എന്തായാലും അതൊരിക്കലും സിനിമയിൽ കാണുന്നത് പോലെ അല്ല, അവരുടെ ചെകുത്താൻ അടിച്ചമർത്തപ്പെട്ടതിന്റെ കൂടെ രാഷ്ട്രീയം ആണ്.

വെറും cliche jump scary സിനിമകളിൽ നിന്നും പേഗൻ ഹൊറർ – സിനിമകൾക്ക്‌ ഒരു ഒഴുക്കും ഭംഗിയും ഉണ്ടെന്നുള്ളത് സത്യം ആണ്; The witch, The ritual, Apostle തുടങ്ങിയ പുതിയ കാലത്തെ മികച്ച ഹോറർ സിനിമകൾ ശ്രദ്ധിച്ചാൽ തന്നെ അറിയാം. പേഗനിസത്തെ ഹൊറർ സിനിമ പൂർണമായി ഉപേക്ഷിക്കുമോ ഇല്ലയോ എന്നതൊക്കെ ഭാവിയിൽ വലിയ ഒരു ചർച്ച ആകാനും സാധ്യതയുണ്ട്, കാരണം പേഗൻ മതം അത്രത്തോളം വേഗതയിലാണ് ഇന്ന് വളർന്ന് കൊണ്ടിരിക്കുന്നത്‌. ഇങ്ങനെയുള്ള സിനിമകൾ ആസ്വദിക്കുമ്പോഴും അതൊക്കെ സിനിമാക്കാരന്റെ കാഴ്ച മാത്രമാണ് എന്ന് മനസിലാക്കേണ്ട ആവിശ്യം ഈ സമൂഹത്തിന് ഇപ്പോൾ ഉണ്ട്. മുകളിൽ പറഞ്ഞതിൽ പലതും അവിടെയും ഇവിടെയും വായിച്ചതിൽ നിന്നുമുള്ള എന്റെ ചെറിയ അറിവിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും മാത്രമാണ് തെറ്റ് ഉണ്ടാവാനുള്ള സാധ്യത കാണും. പേഗൻ, wicca, ഇന്ത്യൻ പേഗൻ ഒന്നും ഈ ചെറിയ വരികളിൽ അടങ്ങുന്നത് അല്ല, നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ ഒരു സംസ്‍കാരം ആണ്.!

(മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പിൽ അശ്വിത് ശിവൻ എഴുതിയ കുറിപ്പ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here