സ്വന്തം വീഴ്ച മറയ്ക്കാൻ വ്യാജരേഖ ചമച്ചു; ശ്രീറാം വെങ്കിട്ടരാമനെതിരെ ഇടുക്കിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ ബന്ധു

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ ആരോപണവുമായി ഇടുക്കിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ ബന്ധു. ദേവികുളം സബ് കളക്ടർ ആയിരിക്കെ ശ്രീറാം വെങ്കിട്ടരാമന്റെ കൃത്യവിലോപത്തിൽ കർഷകൻ ആത്മഹത്യ ചെയ്തതായാണ് പരാതി. വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ ശ്രീറാം തുടർ നടപടി സ്വീകരിക്കാത്തതാണ് കട്ടപ്പന സ്വദേശി കെ എൻ ശിവന്റ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം.

2017 ഏപ്രിൽ ഏഴിന് കട്ടപ്പനയിലെ കർഷകൻ കെ എൻ ശിവൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ശിവന്റെ വീടും രണ്ടര ഏക്കറോളം സ്ഥലവും വ്യാജരേഖ ചമച്ച് അദ്ദേഹത്തിന്റെ സഹോദരിയും കുടുബവും തട്ടിയെടുത്തെന്ന് കാട്ടി ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിന് 2016 ഡിസംബർ 28 ന് ശിവൻ പരാതി നൽകിയിരുന്നു. തട്ടിപ്പ് സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ടും വന്നു. എന്നാൽ, പരാതിയിൽ ശ്രീറാം തുടർ നടപടി സ്വീകരിച്ചില്ലെന്നും ഇതിൽ മനംനൊന്താണ് ശിവൻ ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുവിന്റെ ആക്ഷേപം. ശിവന്റെ മരണത്തിന് പിന്നാലെ തന്റെ വീഴ്ച മറച്ചുവയ്ക്കാൻ ശ്രീറാം വെങ്കിട്ടരാമൻ വ്യാജ ഡെസ്പാച്ച് രേഖ നിർമ്മിച്ചെന്നും ആക്ഷേപമുണ്ട്.

വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ശിവന്റെ ബന്ധു. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top