അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരിയുടെ മൃതദേഹം സംസ്‌കരിച്ചു

ഇന്നലെ അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരിയുടെ മൃതദേഹം സംസ്‌കരിച്ചു. തൃശൂർ വേലൂർ കുട്ടംകുളം സെന്റ് ജോൺ ഇവാഞ്ജലിസ്റ്റ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.

ഇന്നലെ വൈകുന്നേരം സ്വവസതിയിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുവച്ചു. തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം കുട്ടംകുളം സെന്റ് ജോൺ ഇവാഞ്ജലിസ്റ്റ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഫ്‌ളവേഴ്‌സ് ടിവിയുടെയും ട്വന്റിഫോർ ന്യൂസ് ചാനലിന്റെയും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു ആന്റോ പുത്തിരി. മുപ്പത് വർഷത്തിലധികം പത്ര, ടെലിവിഷൻ മാർക്കറ്റിംഗ് രംഗത്തും സജീവമായി. തൃശൂർ വേലൂർ സ്വദേശിയാണ്. ‘ഈ നാട’് ദിനപത്രത്തിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആന്റോ മാതൃഭൂമി ദിനപത്രം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും ജോലി ചെയ്തു. അഞ്ച് വർഷമായി ഫ്‌ളവേഴ്‌സിന്റെ മാർക്കറ്റിംഗ് മേധാവിയായിരുന്നു.

കടവന്ത്രയിലെ ഫ്‌ളവേഴ്‌സ് ടിവി കോർപറേറ്റ് ഓഫീസിലും വേലൂരിലെ വീട്ടിലും പൊതുദർശനത്തിന്‌വച്ച മൃതദേഹത്തിൽ പത്ര, ദൃശ്യമാധ്യമങ്ങളിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. വേലൂർ പുത്തിരി ഡൊമിനികിന്റേയും ആനിയുടെയും മകനാണ്. ബീനയാണ് ഭാര്യ. ഏകമകൾ നയന റോസ് വിദ്യാർഥിനിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top