ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങുന്ന വിദേശികള്‍ക്ക് ഇനി ഏത് സമയവും പുതിയ വിസയില്‍ സൗദിയില്‍ എത്താം

ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങുന്ന വിദേശികള്‍ക്ക് ഏത് സമയവും പുതിയ വിസയില്‍ സൗദിയില്‍ എത്താമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അതേ സമയം, താമസരേഖ പുതുക്കാന്‍ മൂന്ന് ദിവസം വൈകിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫൈനല്‍ എക്‌സിറ്റില്‍ സൗദിയില്‍ നിന്ന് മടങ്ങുന്ന വിദേശ തൊഴിലാളികള്‍ക്ക് മൂന്നു വര്‍ഷം വരെ സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണെന്നും സാധാരണ രീതിയില്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു പോകുന്ന വിദേശികള്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഏത് സമയത്തും സൗദിയില്‍ തിരിച്ചു വരാമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
എന്നാല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ആയവര്‍ക്കും മറ്റു നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കും തിരിച്ചു വരുന്നതിന് നിയന്ത്രണം ഉണ്ടാകും. അതേസമയം വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ഇഖാമയുടെ കാലാവധി തീര്‍ന്ന് മൂന്ന് ദിവസം പിന്നിടുന്നതോടെ പിഴ ചുമത്തുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. ആദ്യത്തെ തവണ 500 റിയാലും രണ്ടാമത്തെ തവണ ആയിരം റിയാലും ആയിരിക്കും പിഴ. മൂന്നാമതും വൈകിയാല്‍ നാടുകടത്തും. ഫാമിലി വിസയില്‍ ഉള്ളവര്‍ സൗദിക്ക് പുറത്താണെങ്കിലും കുടുംബനാഥന്‍ സൗദിയില്‍ ഉണ്ടെങ്കില്‍ ഇഖാമ പുതുക്കി നല്‍കുമെന്നും ജവാസാത്ത് വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here