ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. 290 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാക് സേനാ നേതൃത്വം അവകാശപ്പെട്ടു. അതേസമയം പരീശീലനം ലഭിച്ച പാക് കമാന്‍ഡോകള്‍ ഗുജറാത്ത് തീരത്തെത്തിയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയില്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും കനത്ത ജാഗ്രത തുടരുകയാണ്.
ഇന്ത്യ പാക് ബന്ധം അനുദിനം വഷളാവുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ മിസൈല്‍ പരീക്ഷണം. 290 കിലോമീറ്റര്‍ പരിധിയുള്ള ഗസ്‌നാവി മിസൈലാണ് കറാച്ചിക്ക് സമീപമുള്ള സോന്‍മിയാനി ഫ്‌ളൈറ്റ് ടെസ്റ്റ് റെയ്ഞ്ചില്‍ പാകിസ്ഥാന്‍ പരീക്ഷിച്ചത്. ഉപരിതല മിസൈലായ ഗസ്‌നാവി ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു.
പരീക്ഷണത്തിന് മുന്നോടിയായി പാകിസ്ഥാന്‍ വ്യോമപാതകള്‍ ഇന്നലെത്തന്നെ അടച്ചിരുന്നു. സേനാവക്താവാണ് പരീക്ഷണ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.
അതിനിടെ പാക് പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഗുജറാത്ത് തീരത്തെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഗുജറാത്തിലെ തുറമുഖങ്ങള്‍ക്ക് നാവികസേനയും കോസ്റ്റ് ഗാര്‍ഡും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാകിസ്ഥാന്റെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് മുദ്രാ, കണ്ഡ്‌ല തുറമുഖങ്ങളിലും ഫിഷിംഗ് ഹാര്‍ബറുകളിലും സുരക്ഷ ശക്തമാക്കി. ഭീകരാക്രമണങ്ങളോ വര്‍ഗീയ കലാപങ്ങളോ സൃഷ്ടിക്കാന്‍ പാക് കമാന്‍ഡോകള്‍ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here