പാലാ ഉപതെരഞ്ഞെടുപ്പ്; മൂന്ന് ദിവസത്തിനുള്ളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രാബല്യത്തില്‍ വന്നിട്ടും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാതെ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് സമവായ സാധ്യതകള്‍ മങ്ങിയത്. മാണി കുടുംബത്തില്‍ നിന്നുള്ളവരുടെ പേര് ഉയര്‍ന്നു വന്നാല്‍ ശക്തമായി എതിര്‍ക്കാനാണ് ജോസഫ് പക്ഷത്തിന്റെ നീക്കം. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
പത്രികാ സമര്‍പ്പണത്തിനുള്ള അവസരമായിട്ടും കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ഏകദേശ ധാരണ പോലുമില്ല. നിഷ ജോസ് കെ മാണിയുടേത് ഉള്‍പ്പെടെ പേരുകള്‍ ചര്‍ച്ചയായിരുന്നെങ്കിലും, കോടതി നടപടികളിലെ തിരിച്ചടി ജോസ് വിഭാഗത്തിന് വരുത്തിയ വെല്ലുവിളി ചെറുതല്ല. ഇതോടെ ഒരു പേരിലേക്ക് മാത്രം ചര്‍ച്ചകള്‍ എത്തിയിട്ടില്ലെന്നും, മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തി.
പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ പാലാ സീറ്റില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് പിജെ ജോസഫ് വിഭാഗം ആദ്യഘട്ടം മുതല്‍ ഉന്നയിച്ചത്. നിയമ പോരാട്ടങ്ങളില്‍ താല്‍കാലികമായി ലഭിച്ച മേല്‍ക്കൈ ഉപയോഗപ്പെടുത്തി ജോസഫ് നിലപാട് കടുപ്പിക്കുകയും ചെയ്തു. ഔദ്യോഗിക കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന് സ്ഥാപിക്കാന്‍ യു.ഡി.എഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു. ഇതോടെ ഇ.ജെ അഗസ്തിയുടെ പേരും ജോസ് പക്ഷം ചര്‍ച്ചയാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്കായി ജോസ് കെ മാണി വിഭാഗം മുപ്പത്തിയൊന്നിന് ജില്ലാ കമ്മറ്റി യോഗവും വിളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here